ലോകത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 50% ഇന്ത്യയിലെന്ന് റിപ്പോർട്ട്
ന്യൂഡൽഹി: ലോകത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങളിൽ 50 ശതമാനത്തിലധികവും ഇന്ത്യയിലാണെന്ന് റിപ്പോർട്ട്. ഈ റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ രാജ്യത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങൾ വർദ്ധിക്കുന്നതിനെ കുറിച്ച് ശാസ്ത്രീയമായി പഠിക്കാൻ ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ച് (ഐസിഎംആർ).
പാമ്പുകടിയേറ്റ സാഹചര്യങ്ങൾ, കടിയേറ്റതിനെ തുടർന്നുള്ള ആരോഗ്യ പ്രശ്നങ്ങൾ, പാർശ്വഫലങ്ങൾ, ചികിത്സയുടെ സാമ്പത്തിക ഭാരം, മരണനിരക്ക് മുതലായവയെക്കുറിച്ച് ഒരു ഡാറ്റാബാങ്ക് തയ്യാറാക്കുകയാണ് ലക്ഷ്യം. കേരളം ഉൾപ്പെടെ 13 സംസ്ഥാനങ്ങളിൽ പഠനം നടത്തും. കൊച്ചി അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ് ആൻഡ് റിസർച്ച് സെന്‍ററിലേ ജയ്ദീപ് സി.മേനോനാണ് ടാസ്ക് ഫോഴ്സിനെ നയിക്കുന്നത്. രാജ്യത്തുടനീളമുള്ള വിവിധ ആശുപത്രികളിൽ നിന്നുള്ള ആറ് വിദഗ്ധർ കൂടി സംഘത്തിലുണ്ട്.
ഓരോ സംസ്ഥാനത്തെയും രണ്ടോ നാലോ ജില്ലകളിലാണ് പഠനം നടക്കുന്നത്. മൊത്തം 31 ജില്ലകളിലാണ് പഠനം നടത്തുക. എറണാകുളവും കണ്ണൂരുമാണ് കേരളത്തിൽ പഠനത്തിനായി തിരഞ്ഞെടുത്ത ജില്ലകൾ. ആശുപത്രിയെ ആശ്രയിക്കാതെ പാമ്പുകടിയേറ്റവരിൽ വലിയൊരു ശതമാനം ആളുകൾ നാടൻ മരുന്ന് തേടുന്ന സാഹചര്യത്തിൽ ആശാ വർക്കേഴ്സിന്‍റെ സേവനം വിവര ശേഖരണത്തിന് ഉപയോഗപ്പെടുത്തും.