അപമാനത്തിന്റെ 50 വര്‍ഷങ്ങള്‍; ഒടുവില്‍ സഷീനോട് മാപ്പ് പറഞ്ഞ് അക്കാദമി
അക്കാദമി ഓഫ് മോഷൻ പിക്ചർ ആർട്സ് ആൻഡ് സയൻസസ്, അമേരിക്കൻ നടിയും ആക്ടിവിസ്റ്റുമായ സഷീൻ ലിറ്റിൽ ഫെതറിനോട് ക്ഷമാപണം നടത്തി. 50 വർഷം മുമ്പ് ഓസ്കാർ പുരസ്കാര വേദിയിൽ അപമാനിക്കപ്പെട്ടതിന് പ്രായശ്ചിത്തമായാണ് ക്ഷമാപണം.
1972-ൽ ഗോഡ്ഫാദർ എന്ന ചിത്രത്തിലെ അഭിനയത്തിന് മർലോൺ ബ്രാൻഡോവിന് മികച്ച നടനുള്ള പുരസ്കാരം ലഭിച്ചിരുന്നു. സഷീനാണ് ബ്രാൻഡോവിന് വേണ്ടി വേദിയിലെത്തിയത്. റെഡ് ഇന്ത്യക്കാരെ സിനിമകളിലും ടിവികളിലും ചിത്രീകരിക്കുന്ന രീതിയില്‍ പ്രതിഷേധിച്ച് ബ്രാന്‍ഡോ പുരസ്‌കാരം നിരസിക്കുന്നുവെന്നറിയിക്കാനാണ് സഷീന്‍ എത്തിയത്. ബ്രാന്‍ഡോയ്ക്ക് വിഷമമുണ്ട്. അദ്ദേഹത്തിന് ഈ പുരസ്‌കാരം വാങ്ങാന്‍ സാധിക്കുകയില്ല. റെഡ് ഇന്ത്യക്കാരെ ടെലിവിഷനിലും സിനിമയിലും ചിത്രീകരിക്കുന്നതില്‍ പ്രതിഷേധിച്ചാണ് അദ്ദേഹം ഇങ്ങനെ ചെയ്യുന്നത്, സഷീൻ പറഞ്ഞു.
എന്നാൽ സഷീൻ ഇത് പറഞ്ഞതിന് തൊട്ടുപിന്നാലെ സദസ്സിലുണ്ടായിരുന്ന ചിലര്‍ സഷീനെ ചീത്ത വിളിച്ചു. പ്രതിഷേധ സൂചകമായി കൂവിവിളിക്കുകയും ചെയ്തു. വളരെ കുറച്ച് പേര്‍ മാത്രമാണ് അന്ന് സഷീന് വേണ്ടി കൈയ്യടിച്ചത്. അക്കാദമി അവാർഡിന്റെ പേരിൽ താൻ വർഷങ്ങളോളം പരിഹസിക്കപ്പെടുകയും, വിവേചനത്തിന് ഇരയാവുകയും ചെയ്തു എന്ന് സഷീൻ പിന്നീട് പറഞ്ഞു.