587 ലക്ഷം കോടി ചിലവ്; ലോകത്തെ ഏറ്റവും വലിയ വിമാനത്താവളം റിയാദിൽ ഒരുങ്ങുന്നു
റിയാദ്: 57 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയുള്ള ലോകത്തിലെ ഏറ്റവും വലിയ വിമാനത്താവളം റിയാദിൽ നിർമ്മിക്കും. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ, കിംഗ് സൽമാൻ അന്താരാഷ്ട്ര വിമാനത്താവളത്തിന്‍റെ മാസ്റ്റർ പ്ലാൻ പുറത്തിറക്കി. 2700 കോടി റിയാൽ (587 ലക്ഷം കോടി രൂപ) ചെലവിൽ നിർമ്മിക്കുന്ന വിമാനത്താവളത്തിൽ 6 സമാന്തര റൺവേകളുണ്ടാകും.
പുതിയ വിമാനത്താവളം യാഥാർത്ഥ്യമാകുന്നതോടെ, സൗദി അറേബ്യയിലെത്തുന്ന യാത്രക്കാരുടെ എണ്ണം പ്രതിവർഷം 2.9 കോടിയിൽ നിന്ന് 2030 ഓടെ 12 കോടിയായി ഉയരും. നിലവിലുള്ള വിമാനത്താവളം ചരക്കുനീക്കത്തിന് മാത്രമായി പരിമിതപ്പെടുത്തും. പുതിയ വിമാനത്താവളത്തിൽ 1.03 ലക്ഷം പേർക്ക് നേരിട്ട് തൊഴിൽ നൽകും.
പുതിയ വിമാനത്താവളം അന്താരാഷ്ട്ര യാത്ര സുഗമമാക്കുന്നതിനൊപ്പം ചരക്ക് നീക്കത്തിലും വ്യാപാരത്തിലും ടൂറിസത്തിലും വലിയ മാറ്റങ്ങൾ സൃഷ്ടിക്കും. ലോകത്തെ ഏറ്റവും മികച്ച 10 നഗര സമ്പദ് വ്യവസ്ഥകളിൽ ഒന്നായി റിയാദിനെ മാറ്റാനും പദ്ധതി ലക്ഷ്യമിടുന്നു. വിമാനത്താവളവുമായി ബന്ധപ്പെട്ട സൗകര്യങ്ങൾ, താമസസൗകര്യങ്ങൾ, വിനോദ സൗകര്യങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ, ലോജിസ്റ്റിക്സ് സൗകര്യങ്ങൾ എന്നിവയും ഉണ്ടാകും.