കുവൈറ്റിന്റെ എണ്ണയിതര വരുമാനത്തിൽ 60 ശതമാനത്തിന്റെ വളർച്ച

കു​വൈ​ത്ത്​ സി​റ്റി: കുവൈറ്റിന് ഈ വർഷം ആദ്യപകുതിയിൽ എണ്ണയിതര കയറ്റുമതിയിൽ നിന്ന് 209 ദശലക്ഷം ദിനാർ ലഭിച്ചതായി റിപ്പോർട്ട്. ഇതോടെ കുവൈറ്റിന്‍റെ എണ്ണയിതര വരുമാനം 60 ശതമാനം ഉയർന്നു.

കഴിഞ്ഞ വർഷം ആദ്യ പകുതിയിൽ 130.6 മില്യൺ ദിനാറായിരുന്നു കുവൈറ്റിന്‍റെ എണ്ണയിതര വരുമാനം. ഈ വർഷം ഇത് 209.1 ആയി ഉയർന്നു. മുൻ വർഷത്തേക്കാൾ 78.5 ദശലക്ഷം ദിനാറിന്‍റെ വർദ്ധനവാണിത്. ജി.സി.സി രാജ്യങ്ങളിൽ കുവൈറ്റ് ഉൽപ്പന്നങ്ങളുടെ ആവശ്യകതയിലുണ്ടായ വർദ്ധനവ് എണ്ണയിതര വരുമാനത്തിൽ പ്രതിഫലിച്ചു.

2021ന്‍റെ ആദ്യ പകുതിയിൽ ജിസിസി രാജ്യങ്ങളിലേക്കുള്ള കുവൈറ്റിന്‍റെ കയറ്റുമതിയുടെ മൂല്യം 85.2 ദശലക്ഷം ദിനാർ ആയിരുന്നു, ഇത് ഈ വർഷം ഇതേ കാലയളവിൽ 143.9 ദശലക്ഷം ദിനാറായി ഉയർന്നു. മറ്റ് അറബ് രാജ്യങ്ങളിലേക്കുള്ള കുവൈറ്റിന്‍റെ കയറ്റുമതിയും വർദ്ധിച്ചു. കഴിഞ്ഞ വർഷം ജനുവരി മുതൽ മേയ് വരെയുള്ള കാലയളവിൽ 22.2 ദശലക്ഷം ദീനാർ ആയിരുന്നത് 49.5 ദശലക്ഷമായാണ് ഉയർന്നത്.

അതേസമയം, ഈ വർഷം യൂറോപ്പിലേക്കും യുഎസിലേക്കുമുള്ള കയറ്റുമതിയിൽ വലിയ ഇടിവുണ്ടായതായി വാണിജ്യ മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. കയറ്റുമതി വൈവിധ്യവത്കരിക്കുന്നതും കൂടുതൽ രാജ്യങ്ങളുമായി വ്യാപാര കരാറുകളിൽ ഒപ്പുവെക്കുന്നതും എണ്ണ ഇതര കയറ്റുമതി വരുമാനം വർദ്ധിപ്പിക്കുമെന്ന് ഉദ്യോഗസ്ഥർ പറയുന്നു.