ഉത്തർപ്രദേശിൽ തെരുവുനായ ആക്രമണത്തില്‍ ഏഴ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു
നോയിഡ: ഉത്തർപ്രദേശിൽ ഏഴ് മാസം പ്രായമുള്ള കുട്ടിയുടെ കുടൽ തെരുവ് നായ കടിച്ചെടുത്തു. നോയിഡയിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. തെരുവുനായയുടെ ആക്രമണത്തെ തുടർന്ന് കുട്ടിയെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുട്ടിയുടെ മാതാപിതാക്കൾ നോയിഡയിലെ ഒരു ഹൗസിംഗ് സൊസൈറ്റിയിൽ നിർമ്മാണ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു. അടുത്ത് കുട്ടിയേയും ഇരുത്തിയിരുന്നു. എന്നാൽ ഇതിനിടെ തെരുവുനായ സൊസൈറ്റിയിലേക്ക് പ്രവേശിച്ച് കുട്ടിയെ ആക്രമിക്കുകയായിരുന്നു. തെരുവുനായയുടെ ആക്രമണത്തിൽ കുട്ടിയുടെ കുടൽ പുറത്ത് ചാടി. ഉടൻ തന്നെ ശസ്ത്രക്രിയയ്ക്കായി ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
സെക്ടർ 100 ലെ ലോട്ടസ് ബൊളിവാർഡ് സൊസൈറ്റിയിലെ ആളുകൾ സംഭവത്തിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തെത്തി. പ്രദേശത്ത് തെരുവുനായ്ക്കളുടെ ശല്യം വർദ്ധിച്ചിട്ടുണ്ടെന്നും ഇതിനെതിരെ അധികൃതർ എത്രയും വേഗം നടപടിയെടുക്കണമെന്നും പ്രതിഷേധക്കാർ ആവശ്യപ്പെട്ടു. കുട്ടികളുടെ സുരക്ഷയെക്കുറിച്ചുള്ള ആശങ്കയും അവർ അറിയിച്ചു.