ലോകകപ്പിന്റെ ആദ്യ ആഴ്ചയിൽ എത്തിയത് 7000 വിമാനങ്ങൾ
ദോഹ: ഫിഫ ലോകകപ്പിന്‍റെ ആദ്യ ആഴ്ചയിൽ ഹമദ്, ദോഹ അന്താരാഷ്ട്ര വിമാനത്താവളങ്ങളിൽ 7,000 ലധികം വിമാനങ്ങളാണ് സന്ദർശകരുമായി എത്തിയത്. ആഗോള വിമാനക്കമ്പനികൾക്ക് പുറമേ ഗൾഫ് സഹകരണ കൗൺസിൽ (ജിസിസി) രാജ്യങ്ങളിൽ നിന്നുള്ള വിമാനക്കമ്പനികളുടെ ഷട്ടിൽ സേവനവും ഇതിൽ ഉൾപ്പെടുന്നുവെന്ന് ജനറൽ അതോറിറ്റി ഓഫ് സിവിൽ ഏവിയേഷൻ പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു.
അറബ് രാജ്യങ്ങളിൽ നിന്ന് ഖത്തറിലേക്ക് കൂടുതൽ വിമാന സർവീസുകൾ ആരംഭിച്ചിട്ടുണ്ട്. തെക്കേ അമേരിക്കയിൽ നിന്നും ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുമുള്ള വിമാനങ്ങൾക്ക് കൂടാതെ, ജർമ്മൻ ലുഫ്താൻസ, എയർ ഫ്രാൻസ്, ഫിന്നിഷ് എയർലൈൻസ് തുടങ്ങിയ അന്താരാഷ്ട്ര എയർലൈനുകളുടെ പതിവ് പാസഞ്ചർ ഫ്ലൈറ്റുകൾക്ക് പുറമേ ചാർട്ടേഡ് വിമാനങ്ങളും ഖത്തറിലേക്ക് സർവീസ് നടത്തുന്നുണ്ട്.
ദുബായ്, കുവൈറ്റ് എയർവേയ്സ്, ഒമാൻ എയർ, സൗദിയ എയർലൈൻസ് എന്നീ നാല് അറബ് എയർലൈനുകളുമായി സഹകരിച്ചാണ് ഖത്തർ എയർവേയ്സ് ഫ്ലൈ ഷട്ടിൽ സർവീസ് നടത്തുന്നത്. ഹമദ് അന്താരാഷ്ട്ര വിമാനത്താവളത്തിലാണ് (ഡിഒഎച്ച്) മറ്റ് അന്താരാഷ്ട്ര വിമാനങ്ങൾ കൈകാര്യം ചെയ്യുന്നത്. 12-15 ലക്ഷം ആരാധകരെയാണ് രാജ്യം പ്രതീക്ഷിക്കുന്നത്.