കേരള പൊലീസിൽ ക്രിമിനല്‍ കേസ് പ്രതികള്‍ 744; പിരിച്ചുവിട്ടത് വെറും 18 പേരെ

തിരുവനന്തപുരം: പൊലീസ് സേനയ്ക്ക് നാണക്കേടുണ്ടാക്കുന്ന ഉദ്യോഗസ്ഥർക്കെതിരെ മുഖ്യമന്ത്രിക്ക് ശബ്ദമുയർത്തേണ്ടി വന്നിട്ടും പൊലീസ് സേനയിൽ ക്രിമിനൽ സ്വാധീനം കൂടുന്നു. രാഷ്ട്രീയ പാർട്ടികളുടെ സംരക്ഷണത്തിലൂടെ നിയമപാലകരായി തുടരാൻ കുറ്റവാളികളായ പൊലീസുകാർക്ക് അവസരം നൽകുന്നത് സേനയെ അപകീർത്തിപ്പെടുത്തുന്നതിന് തുല്യമാണ്. കേരള പൊലീസ് സേനയിൽ 744 ക്രിമിനല്‍ കേസ് പ്രതികൾ ഉണ്ടെന്നാണ് കണക്ക്.

കുട്ടികളെയും സ്ത്രീകളെയും ഉപദ്രവിക്കല്‍, ലൈംഗിക പീഡനം, കസ്റ്റഡി മരണം, സ്ത്രീധന പീഡനം, പോക്സോ തുടങ്ങിയ ഗുരുതരമായ കുറ്റകൃത്യങ്ങളിൽ പ്രതികളായ ഉദ്യോഗസ്ഥർ സേനയിലുണ്ട്. 65 ഉദ്യോഗസ്ഥർക്കെതിരെ സ്ത്രീ പീഡനക്കേസുകൾ ഉണ്ടെന്നത് പ്രശ്നത്തിന്‍റെ ഗൗരവം കൂട്ടുന്നു. ഗുണ്ടകളുമായും മാഫിയകളുമായും പൊലീസ് ഉദ്യോഗസ്ഥർക്ക് അവിശുദ്ധ ബന്ധമുണ്ടെന്നത് പരസ്യമായ രഹസ്യമാണെങ്കിലും അതിലും മേലുദ്യോഗസ്ഥർക്ക് ഒരു നടപടിയും സ്വീകരിക്കാൻ കഴിയുന്നില്ല. രാഷ്ട്രീയത്തിന്‍റെയും സംഘടനയുടെയും ബലത്തിൽ ഇത്തരക്കാർ സേനയിൽ കാക്കി ധരിക്കുന്നത് തുടരുന്നു.

സമൂഹത്തിനും സേനയ്ക്കും യോജിച്ചതല്ലാത്ത പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥരെ സംരക്ഷിക്കാൻ പൊലീസ് സേനയ്ക്ക് ബാധ്യതയില്ലെന്ന് മുഖ്യമന്ത്രിക്ക് കഴിഞ്ഞ ദിവസം പറയേണ്ടിവന്നു. എന്നിരുന്നാലും, കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടവരെ പിരിച്ചുവിടുമെന്ന് പല വട്ടം പറഞ്ഞിട്ടുണ്ടെങ്കിലും, ഇതുവരെ സർവീസിൽ നിന്ന് പിരിച്ചുവിട്ട ക്രിമിനൽ പൊലീസുകാരുടെ എണ്ണം വളരെ കുറവാണ്. വെറും 18 പേർ. ഗുരുതരമായ കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതായി ആഭ്യന്തര മന്ത്രാലയം കണ്ടെത്തിയ 59 പൊലീസുകാരുടെ പട്ടികയുണ്ട്. ഇതുകൂടാതെ 691 പൊലീസുകാർ കൂടി വിവിധ കേസുകളിൽ പ്രതികളാണ്.