75–ാം സ്വാതന്ത്ര്യവാർഷികം: 100 ചരിത്രസംഭവങ്ങൾ കാൻവാസിൽ പകർത്തി കലാകാരന്മാർ

തേഞ്ഞിപ്പലം: ഇന്ത്യൻ സ്വാതന്ത്ര്യത്തിന്റെ 75–ാം വാർഷികം പ്രമാണിച്ച്, ചേലേമ്പ്രയിൽ സ്വാതന്ത്ര്യസമരവുമായി ബന്ധപ്പെട്ട 100 ചരിത്രസംഭവങ്ങൾക്ക് ഒരൊറ്റ കാൻ‌വാസിൽ പുനർജന്മം നൽകി കലാകാരൻമാർ. ദണ്ഡിയാത്ര, ഉപ്പുസത്യഗ്രഹം, ജാലിയൻ വാലാബാഗ് കൂട്ടക്കൊല തുടങ്ങിയവയുടെ ഓർമകളാണ് 100 പ്രതിഭകൾ വ്യത്യസ്ത ചിത്രങ്ങളായി വരച്ചത്.

ചേലേമ്പ്ര എൻഎൻഎം ഹയർസെക്കൻഡറി സ്കൂൾ, ദേവകിയമ്മ മെമ്മോറിയൽ ഫാർമസി, ബിഎഡ്, ഡിപ്ലോമ ഇൻ എലിമെന്ററി എജ്യൂക്കേഷൻ, ഡിജി ആർക്കിടെക്ചറൽ എന്നീ കോളജുകളിലെ പ്രതിഭകളാണ് 1857ലെ ആദ്യ സ്വാതന്ത്ര്യസമരം മുതൽ‌ 1947ൽ സ്വാതന്ത്ര്യം ലഭിച്ചത് വരെയുള്ള പ്രധാന സംഭവങ്ങളെ രേഖാ ചിത്രങ്ങളാക്കി കാൻവാസിൽ പകർത്തിയത്. മധുരം മാനവീയം കലാ കൂട്ടായ്മയിലെ കലാകാരന്മാരും ചിത്ര രചനയിൽ പങ്കാളികളായിരുന്നു. ചിത്ര രചന 5 മണിക്കൂർ നീണ്ടു നിന്നു.

3 ദിവസത്തെ ആഘോഷ പരിപാടിക്ക് എംഎൽഎ പി.അബ്ദുൽ ഹമീദ് ദേശീയ പതാക ഉയർത്തി തുടക്കം കുറിച്ചു. ചേലേമ്പ്ര ലയൺസ് ക്ലബ്ബും പരിപാടിയിൽ പങ്കാളികളായി. ദേവകിയമ്മ മെമ്മോറിയൽ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ മാനേജർ എം.നാരായണൻ അധ്യക്ഷനായി.