7.6 കോടി വര്‍ഷം പഴക്കമുള്ള ദിനോസര്‍ തലയോട്ടി ലേലത്തിന്; വില 162 കോടി

76 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസറിന്‍റെ തലയോട്ടി അടുത്ത മാസം ലേലത്തിന് വയ്ക്കും. ടൈറനോസോറസ് റെക്സിന്‍റെ ഫോസിൽ ചെയ്ത തലയോട്ടി ഡിസംബർ 9ന് ന്യൂയോർക്കിലാണ് തത്സമയ ലേലം നടത്തുക. ഇതുവരെ കണ്ടെത്തിയതിൽ വച്ച് ഏറ്റവും പൂർണ്ണമായ തലയോട്ടികളിലൊന്നാണിത്.  15 മുതല്‍ 20 മില്യണ്‍ ഡോളര്‍ വരെ ഈ തലയോട്ടിക്ക് ലേലത്തിൽ ലഭിക്കുമെന്ന് ലേലക്കമ്പനിയായ സോതെബേ പ്രതീക്ഷിക്കുന്നു. അതായത് ഏകദേശം 162 കോടി ഇന്ത്യൻ രൂപ.

സൗത്ത് ഡക്കോട്ടയിലെ ഹാര്‍ഡിംഗ് കൗണ്ടിയിലെ ഹെല്‍ ക്രീക്ക് ഫോര്‍മേഷനിലെ ഒരു സ്വകാര്യ ഭൂമിയിൽ നിന്നാണ് ഫോസിൽ ഗവേഷകർ ഈ തലയോട്ടി കണ്ടെത്തിയത്. 

ദിനോസറുകളുടെ തലയോട്ടി മുൻപും ലേലം ചെയ്തിട്ടുണ്ട്. 1997ലാണ് ഇത്തരത്തിലുള്ള ആദ്യത്തെ ദിനോസർ തലയോട്ടി ലേലം നടന്നത്. സ്യൂ എന്ന് വിളിക്കുന്ന തലയോട്ടി അന്ന് 8.3 മില്യൺ ഡോളറിനാണ് ലേലം ചെയ്തത്. 2020-ലും സമാനമായ രീതിയിൽ ദിനോസർ തലയോട്ടി ലേലം നടന്നിരുന്നു. സ്റ്റാന്‍ എന്നെ വിളിക്കപ്പെട്ടിരുന്ന ആ തലയോട്ടി വില്‍ക്കപ്പെട്ടത് 31.8 മില്യണ്‍ ഡോളറിനാണ്.