ഒരു കുട്ടിക്ക് 7,700 ഡോളർ; താമസം മാറുന്നവര്‍ക്ക് ആനുകൂല്യങ്ങളുമായി ജപ്പാൻ

ടോക്കിയോ: തലസ്ഥാന നഗരമായ ടോക്കിയോയിൽ നിന്ന് താമസം മാറുന്നവര്‍ക്ക് ജപ്പാൻ സാമ്പത്തിക ആനുകൂല്യങ്ങൾ പ്രഖ്യാപിച്ചു. രാജ്യത്തിന്‍റെ മറ്റ് ഭാഗങ്ങളിൽ ജനസംഖ്യയിൽ കുത്തനെയുള്ള ഇടിവ് തടയുകയാണ് ലക്ഷ്യം. ടോക്കിയോ വിട്ടുപോകുന്ന കുടുംബങ്ങൾക്ക്, അവർക്കുള്ള കുട്ടികളുടെ എണ്ണം അനുസരിച്ച് സർക്കാർ പണം നൽകുന്നു. ഒരു കുട്ടിക്ക് ഒരു ദശലക്ഷം യെൻ (7,700 ഡോളർ) ആണ് സർക്കാരിൽ നിന്നുള്ള ആനുകൂല്യം.

കുറഞ്ഞ ജനന നിരക്കും ഉയർന്ന ആയുർദൈർഘ്യവും കാരണം രാജ്യത്തെ ജനസംഖ്യ കുറയുകയാണ്. പുതിയ തലമുറ കൂടുതൽ അവസരങ്ങൾക്കായി ടോക്കിയോ, ഒസാക്ക തുടങ്ങിയ നഗരങ്ങളിലേക്ക് കുടിയേറുന്നുവെന്നതാണ് മറ്റൊരു പ്രതിസന്ധി. ഇതുമൂലം, ജപ്പാനിലെ വിവിധ പ്രദേശങ്ങളിലെ ജനസംഖ്യാ അന്തരം വർദ്ധിക്കുകയും ചെയ്യുന്നു. വീടുകള്‍ ഉപേക്ഷിച്ച് ജനങ്ങള്‍ പോവുന്നത് ചെറിയ പട്ടണങ്ങളിലും ഗ്രാമപ്രദേശങ്ങളിലും നികുതി വരുമാനത്തെ ബാധിക്കുന്നു.

ജപ്പാനിലെ ജനസംഖ്യ 2012 ലെ 12.75 കോടിയിൽ നിന്ന് 12.56 കോടിയായി കുറഞ്ഞു. ടോക്കിയോയിലെ ജനസാന്ദ്രത കുറയ്ക്കുന്നതിനായി, 2019 മുതൽ നഗരം വിടുന്നവരെ സർക്കാർ പ്രോത്സാഹിപ്പിക്കുന്നുണ്ട്. 2021 ൽ മാത്രം 1,184 കുടുംബങ്ങൾ ആനുകൂല്യങ്ങൾ സ്വീകരിച്ച് ടോക്കിയോ വിട്ടു. 2027 ഓടെ ടോക്കിയോയിൽ നിന്ന് 10,000 പേരെ മാറ്റിപ്പാര്‍പ്പിക്കാമെന്നാണ് സർക്കാരിന്റെ കണക്കുകൂട്ടൽ.