ഗോവയിൽ 8 കോൺഗ്രസ് എംഎൽഎമാർ ബിജെപിയിലേക്ക്?

പനജി: ഗോവയിൽ വീണ്ടും രാഷ്ട്രീയ നീക്കത്തിനൊരുങ്ങി ബിജെപി. സംസ്ഥാനത്തെ 11 കോൺഗ്രസ് എംഎൽഎമാരിൽ എട്ട് പേർ ബിജെപിയിൽ ചേരുമെന്ന് പാർട്ടി സംസ്ഥാന പ്രസിഡന്‍റ് സദാനന്ദ് തനവാഡെ അവകാശപ്പെട്ടു. മുതിർന്ന നേതാക്കളായ മൈക്കൽ ലോബോ, മുൻ മുഖ്യമന്ത്രി ദിഗംബർ കാമത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കൂറുമാറ്റം.

നിയമസഭാ സ്പീക്കറെയും മുഖ്യമന്ത്രി പ്രമോദ് സാവന്തിനെയും എംഎൽഎമാർ കണ്ടതായാണ് റിപ്പോർട്ട്. നിയമസഭ ചേരാത്ത അവസരത്തിൽ സ്പീക്കറുമായുള്ള എം.എൽ.എമാരുടെ കൂടിക്കാഴ്ച അസാധാരണമാണ്. മൊത്തം എംഎൽഎമാരിൽ മൂന്നിൽ രണ്ട് ഭാഗവും പാർട്ടി വിട്ടാൽ കൂറുമാറ്റ നിരോധന നിയമപ്രകാരം അയോഗ്യത ബാധകമാകില്ല.

രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനിടെ കൂറുമാറ്റ വാർത്തകൾ പുറത്തുവരുന്നത് കോൺഗ്രസിന് തിരിച്ചടിയാണ്. മൈക്കിൾ ലോബോ, ദിഗംബർ കാമത്ത് എന്നിവരുടെ നേതൃത്വത്തിലുള്ള ആറ് കോൺഗ്രസ് എംഎൽഎമാർ ബിജെപിയിൽ ചേരുമെന്ന് രണ്ട് മാസം മുമ്പും റിപ്പോർട്ടുകളുണ്ടായിരുന്നു. കൂറുമാറ്റ നിരോധന നിയമപ്രകാരം കാമത്തിനെയും ലോബോയെയും അയോഗ്യരാക്കണമെന്ന് കോൺഗ്രസ് സ്പീക്കറോട് ആവശ്യപ്പെടുകയും ഏഴ് എംഎൽഎമാരെ കോൺഗ്രസ് കൂടെ നിർത്തുകയും ചെയ്തതോടെ പദ്ധതി പരാജയപ്പെടുകയായിരുന്നു.