50 മിനിറ്റില്‍ 80% ചാർജ്; മഹീന്ദ്ര ഇലക്ട്രിക് എസ്‍യുവി പുറത്ത്

മഹീന്ദ്രയുടെ ഇലക്ട്രിക് എസ്‍യുവി, എക്സ്‌യുവി 400യുടെ ആദ്യ പ്രദർശനം നടത്തി. ഒറ്റ ചാർജിൽ 456 കിലോമീറ്റർ റേഞ്ചുമായി എത്തുന്ന എസ്‍യുവിയുടെ ടെസ്റ്റ് ഡ്രൈവ് ഡിസംബർ മുതൽ ആരംഭിക്കുമെന്നാണ് മഹീന്ദ്ര പറയുന്നത്. ജനുവരി മുതൽ വാഹനം ഉപഭോക്താക്കൾക്ക് ലഭ്യമാകും. 

2020 ന്യൂഡൽഹി ഓട്ടോ എക്സ്പോയിൽ പ്രദർശിപ്പിച്ച  ഇലക്ട്രിക് എക്‌സ്‌യുവി 300യുടെ പ്രൊഡക്‌ഷൻ പതിപ്പാണ് ഇത്. എന്നാൽ എക്സ്‍യുവിയെക്കാൾ 205 എംഎം അധിക നീളമുണ്ട് ഇതിന്. 39.4 കിലോവാട്ട് ബാറ്ററി പാക്കും 150 എച്ച്പി കരുത്തുള്ള ഇലക്ട്രിക് മോട്ടറുമാണ്. പൂജ്യത്തിൽ നിന്ന് 100 കിലോമീറ്റർ വേഗത്തിലെത്താൻ വെറും 8.3 സെക്കൻഡ് മാത്രം മതി എക്സ്‍യുവിക്ക്. 

50 കിലോവാട്ട് ഡിസി ചാർജർ ഉപയോഗിച്ചാൽ എൺപത് ശതമാനം വരെ 50 മിനിറ്റില്‍ ചാർജ് ചെയ്യാൻ സാധിക്കും. 7.2 കിലോവാട്ട് ചാർജിങ് സോക്കറ്റിലൂടെ വാഹനം പൂർണ ചാർജിലെത്താൻ 6 മണിക്കൂർ 30 മിനിറ്റും 3.3 കിലോവാട്ട് ‍ഡൊമസ്റ്റിക് ചാർജറിലൂടെ 13 മണിക്കൂറും വേണ്ടി വരും. ഫൺ, ഫാസ്റ്റ്, ഫിയർലെസ് എന്നി മോഡുകളുണ്ട് എസ്‍യുവിക്ക്.