ദുബൈ ഭരണാധികാരിയുടെ ഓഫീസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകൾ

ദുബായ്: തന്റെ ഓഫീസിലെ ജീവനക്കാരിൽ 85 ശതമാനവും സ്ത്രീകളാണെന്ന് യു.എ.ഇ വൈസ് പ്രസിഡന്റും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. നാളെ വനിതാ ദിനം ആചരിക്കുന്ന സാഹചര്യത്തിൽ സ്ത്രീകളുടെ സംഭാവനകളെ പുകഴ്ത്തിയും വനിതകളുടെ പ്രാധാന്യം ഉയർത്തിക്കാട്ടിയും ദുബായ് ഭരണാധികാരി മുന്നോട്ടുവന്നത്. സോഷ്യൽ മീഡിയയിൽ പുറത്തിറക്കിയ വീഡിയോയിലാണ് അദ്ദേഹം സ്ത്രീകളെ പുകഴ്ത്തുന്നത്.

2015 മുതലാണ് ഓഗസ്റ്റ് 28 ഇമാറത്തി വനിതാ ദിനമായി ആചരിക്കുന്നത്. സ്ത്രീകളുടെ നേട്ടങ്ങളെ അനുസ്മരിപ്പിക്കുന്നതിനും അവരുടെ ശ്രമങ്ങളെ അഭിനന്ദിക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും ഈ ദിനം ഉപയോഗിക്കുന്നു.

ശൈഖ് മുഹമ്മദ് ബിൻ റാശിദ് അൽ മക്തൂമിന്റെ വാക്കുകൾ-

“മികച്ച ഭാവിയുള്ള രാജ്യത്തിന്‍റെ ആത്മാവ് സ്ത്രീകളാണ്. വിദ്യാഭ്യാസത്തിനും വിജ്ഞാനത്തിനുംവേണ്ടി അർപ്പണബോധമുള്ളവരാണ് സ്ത്രീകൾ. എന്‍റെ ഓഫിസിലെ 85 ശതമാനം ജീവനക്കാരും സ്ത്രീകളാണെന്ന് എത്ര പേർക്കറിയാം. യു.എ.ഇയിലെ ബിരുദധാരികളിൽ 70 ശതമാനവും സ്ത്രീകളാണ്. അവരിൽ വലിയ പ്രതീക്ഷയാണുള്ളത്.”