കേരള സ്റ്റാര്‍ട്ടപ്പ് കമ്പനികളിൽ 89 ശതമാനവും പുരുഷന്മാരുടെ നിയന്ത്രണത്തിൽ

തിരുവനന്തപുരം: കേരളത്തിലെ മൊത്തം സ്റ്റാർട്ടപ്പുകളിൽ 89 ശതമാനവും പുരുഷ നിയന്ത്രണത്തിലാണെന്ന് കണക്കുകൾ. സ്റ്റാർട്ടപ്പ് മിഷൻ കഴിഞ്ഞ ദിവസം പുറത്തിറക്കിയ ‘സ്റ്റാർട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോർട്ടി’ലാണ് ഈ കണക്കുകൾ വ്യക്തമാക്കുന്നത്. 11 ശതമാനം മാത്രമാണ് വനിതാ നിയന്ത്രണത്തിലുള്ളതെന്നും റിപ്പോർട്ടിൽ പറയുന്നു. സംസ്ഥാനത്തെ നിലവിലെ സാഹചര്യം കൂടുതൽ വനിതാ സംരംഭകർക്ക് അനുകൂലമായ അവസരങ്ങൾ സൃഷ്ടിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.

കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്റ്റാർട്ടപ്പുകൾക്ക് ഇതുവരെ 551 ദശലക്ഷം ഡോളർ (4,500 കോടിയിലധികം രൂപ) നിക്ഷേപം ലഭിച്ചിട്ടുണ്ട്. ഫിൻടെക്, സാസ് സ്റ്റാർട്ടപ്പുകളാണ് വെഞ്ച്വർ ക്യാപിറ്റൽ ഫണ്ടുകൾ ലഭ്യമാക്കുന്നതിൽ മുന്നിലുള്ളത്. കേരളത്തിലെ സ്റ്റാർട്ടപ്പ് മേഖലയിലെ മൊത്തം നിക്ഷേപത്തിന്‍റെ 66 ശതമാനവും സമാഹരിക്കാൻ ഇത്തരം സ്റ്റാർട്ടപ്പുകൾക്ക് കഴിഞ്ഞിട്ടുണ്ട്.

ഇത് ഏകദേശം 36.4 കോടി ഡോളര്‍ വരും. ഇതില്‍ 97 ശതമാനവും 2015-ന് ശേഷം ലഭിച്ചതാണെന്ന് ‘സ്റ്റാര്‍ട്ടപ്പ് ഇക്കോ സിസ്റ്റം റിപ്പോര്‍ട്ട്’ വ്യക്തമാക്കുന്നു. 2019-ല്‍ സ്റ്റാര്‍ട്ടപ്പ് മിഷന്‍ പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ സംസ്ഥാനത്തെ സ്റ്റാര്‍ട്ടപ്പുകളുടെ എണ്ണം 2,200 ആയിരുന്നു. 8.9 കോടി ഡോളര്‍ നിക്ഷേപമായിരുന്നു അന്ന് ലഭിച്ചത്. ഇത് 4,000 സ്റ്റാര്‍ട്ടപ്പുകളായി ഉയര്‍ന്നാണ് ഇത്രയധികം നിക്ഷേപത്തിലേക്കെത്തിയതെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.