പുതുവർഷാരംഭത്തിൽ സംസ്ഥാനത്ത് വാഹനാപകടങ്ങളിൽ 9 മരണം

തിരുവനന്തപുരം: പുതുവർഷത്തിന്‍റെ ആദ്യ ദിനത്തിൽ സംസ്ഥാനത്ത് റോഡപകടങ്ങളിൽ ഒൻപത് പേർ മരിച്ചു. ആലപ്പുഴയിൽ പോലീസ് വാഹനമിടിച്ച് രണ്ട് യുവാക്കൾ മരിച്ചു. ഇടുക്കി അടിമാലിയിൽ വിദ്യാർത്ഥികൾ സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് ബസ് കൊക്കയിലേക്ക് മറിഞ്ഞ് കുട്ടി മരിച്ചു. 

ഇടുക്കി അടിമാലിയിൽ ടൂറിസ്റ്റ് ബസ് നിയന്ത്രണം വിട്ട് കൊക്കയിലേക്ക് മറിഞ്ഞു എന്ന വാർത്ത കേട്ടാണ് പുതുവർഷം ആരംഭിച്ചത്. ആലപ്പുഴ കടപ്പുറത്ത് പുതുവത്സരം ആഘോഷിക്കാനെത്തിയ രണ്ട് യുവാക്കൾ മടങ്ങുന്നതിനിടെയാണ് പൊലീസ് വാഹനമിടിച്ച് മരിച്ചത്. കോട്ടയം സ്വദേശികളായ ജസ്റ്റിൻ, അലക്സ് എന്നിവരാണ് മരിച്ചത്. പുലർച്ചെ മൂന്ന് മണിയോടെയായിരുന്നു സംഭവം. തലവടിയിൽ വെച്ച് എതിരെ വന്ന ഡിവൈഎസ്പിയുടെ ജീപ്പ് ഇവർ സഞ്ചരിച്ച ബൈക്ക് ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. തുടർന്ന് ജീപ്പ് സമീപത്തെ വീടിന്‍റെ മതിലിൽ ഇടിക്കുകയായിരുന്നു. വാഹനത്തിൽ ഡ്രൈവർ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡി.വൈ.എസ്.പിയെ വീട്ടിൽ ഇറക്കി മടങ്ങുകയായിരുന്നു. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. 

പത്തനംതിട്ടയിൽ തിരുവല്ലയിലും ഏനാത്തും പുലർച്ചെയുണ്ടായ രണ്ട് അപകടങ്ങളിലായി മൂന്ന് പേർ മരിച്ചു. തിരുവല്ല ബൈപ്പാസിൽ ചിലങ്ക ജംഗ്ഷനിൽ നടന്ന അപകടത്തിൽ കുന്നന്താനം സ്വദേശി അരുൺ കുമാർ, ചിങ്ങവനം സ്വദേശി ശ്യാം എന്നിവരാണ് മരിച്ചത്. ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് എതിർദിശയിൽ നിന്ന് വന്ന ടാങ്കർ ലോറിയിൽ ഇടിക്കുകയായിരുന്നു.