കനത്ത മഴ; തമിഴ്നാട്ടിൽ 5 ജില്ലകളിൽ പ്രളയ മുന്നറിയിപ്പ്, വൈഗയിൽ ജലനിരപ്പുയർന്നു
തേനി: തമിഴ്നാട്ടിൽ കനത്ത മഴ തുടരുന്നു. ശക്തമായ മഴ തുടർന്ന് വൈഗ അണക്കെട്ടിൽ ജലനിരപ്പ് ഉയർന്നതോടെ അഞ്ച് ജില്ലകളിൽ പ്രളയ മുന്നറിയിപ്പ് നൽകി. തേനി, മഥുര, രാമനാഥപുരം, ഡിണ്ടിഗൽ, ശിവഗംഗ ജില്ലകളിലാണ് വെള്ളപ്പൊക്ക മുന്നറിയിപ്പ്. അണക്കെട്ടിന്റെ വൃഷ്ടിപ്രദേശങ്ങളിൽ ശക്തമായ മഴ തുടരുകയാണ്.
വൈഗ അണക്കെട്ടിൽ ജലനിരപ്പ് 67 അടി പിന്നിട്ടിരിക്കുകയാണ്. പരമാവധി 71 അടിയാണ് ഡാമിന്റെ സംഭരണശേഷി. മുല്ലപ്പെരിയാറിൽ നിന്ന് 1400 ഘനയടി വെള്ളവും ഒഴുകിയെത്തുന്നുണ്ട്. തേനി ജില്ലയിൽ വെള്ളിയാഴ്ച മുതൽ ശക്തമായ മഴയുണ്ട്. ഒക്ടോബർ 23നും 25നും ഇടയിൽ വിവിധ ജില്ലകളിൽ അതിശക്ത മഴ ലഭിക്കുമെന്നു കാലാവസ്ഥാ മുന്നറിയിപ്പുണ്ട്.
