എസ്-400; റഷ്യയിൽ നിന്ന് 10,000 കോടി രൂപയുടെ മിസൈലുകൾ വാങ്ങാൻ ഇന്ത്യ
ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലടക്കം നിര്‍ണായക പങ്കുവഹിച്ച ഇന്ത്യന്‍ വ്യോമസേനയുടെ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി റഷ്യയില്‍നിന്ന് മിസൈലുകള്‍ വാങ്ങാന്‍ ഇന്ത്യ. എസ്-400-നായി റഷ്യയില്‍നിന്ന് 10,000 കോടി രൂപയുടെ മിസൈലുകള്‍ വാങ്ങാനുള്ള ചര്‍ച്ചകള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ചു.
നാലു ദിവസത്തോളം പാകിസ്താനുമായി നീണ്ടുനിന്ന സംഘര്‍ഷത്തിൽ ഇന്ത്യന്‍ വ്യോമസേനയ്ക്ക് നിര്‍ണായകമായത് എസ്-400ന്റെ സാന്നിധ്യമായിരുന്നു. ഇന്ത്യ-പാക് സംഘര്‍ഷത്തിനിടെ ആറോളം പാകിസ്താന്‍ യുദ്ധ വിമാനങ്ങളും ഒരു ചാരവിമാനവും സേന തകര്‍ത്തത് എസ്-400 ഉപയോഗിച്ചായിരുന്നു. പാകിസ്താനുള്ളില്‍ 300 കിലോമീറ്റര്‍ അകലെയാണ് പാക് വിമാനങ്ങളെ ഇന്ത്യ പ്രതിരോധിച്ചത്. ഇന്ത്യയുടെ വ്യോമ പ്രതിരോധ തന്ത്രത്തിലെ ‘ഗെയിം ചേഞ്ചര്‍’ എന്നാണ് എസ്-400നെ വ്യോമസേന അന്ന് വിശേഷിപ്പിച്ചത്. ഇതോടെയാണ് ഈ വ്യോമ പ്രതിരോധ സംവിധാനം ശക്തിപ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
ഇതിനായി റഷ്യയുമായി 10,000 കോടി രൂപയുടെ പ്രതിരോധ കരാറുമായി ബന്ധപ്പെട്ട ചര്‍ച്ചകൾ പുരോഗമിക്കുകയാണെന്ന് പ്രതിരോധ മന്ത്രാലയവുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു. ഒക്ടോബര്‍ 23-ന് നടക്കാനിരിക്കുന്ന ഡിഫന്‍സ് അക്വിസിഷന്‍ കൗണ്‍സില്‍ യോഗത്തില്‍ പ്രതിരോധ മന്ത്രാലയം വ്യോമസേനയുടെ നിര്‍ദേശം അംഗീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കൂടുതല്‍ സ്‌ക്വാഡ്രണുകള്‍ ചേര്‍ത്ത് എസ്-400 ഇന്‍വെന്ററി വികസിപ്പിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. 2018-ല്‍ റഷ്യയുമായുള്ള കരാറില്‍ സമ്മതിച്ച അഞ്ച് സ്‌ക്വാഡ്രണുകളില്‍ മൂന്നെണ്ണം ഇതിനകം വിതരണംചെയ്ത് പ്രവര്‍ത്തനക്ഷമമാക്കിയിട്ടുണ്ട്. റഷ്യ-യുക്രൈന്‍ യുദ്ധം കാരണമാണ് നാലാമത്തെ സ്‌ക്വാഡ്രണിന്റെ വിതരണം വൈകിയത്.
സൈനികശേഷി വര്‍ധിപ്പിക്കുന്നതിന്റെ ഭാഗമായി റഷ്യയില്‍നിന്ന് എയര്‍ ടു എയര്‍ മിസൈലുകള്‍ വാങ്ങുന്ന കാര്യവും ഇന്ത്യ ആലോചിക്കുന്നുണ്ട്.
