Latestലോകം

യുഎസ് തീരുവകൾക്കെതിരെ ടിവി പരസ്യം; കാനഡയുമായുള്ള വ്യാപാര ചർച്ചകൾ റദ്ദാക്കിയെന്ന് ട്രംപ്

വാഷിങ്ടൻ: യുഎസ് തീരുവകൾക്കെതിരെ കാനഡ ടിവി പരസ്യം നൽകിയതിൽ പ്രതിഷേധിച്ച് കാനഡയുമായുള്ള വ്യാപാരചർച്ച അവസാനിപ്പിക്കുന്നതായി പ്രസിഡന്റ് ഡോണൾഡ് ട്രംപ് അറിയിച്ചു. പരസ്യം പ്രകോപനപരവും യുഎസ് കോടതികളെ സ്വാധീനിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നു ട്രംപ് പറഞ്ഞു. യുഎസ് മുൻ പ്രസിഡന്റ് റൊണാൾഡ് റീഗൻ 1987 ൽ തീരുവകൾക്കെതിരെ നടത്തിയ ഒരു പ്രസംഗത്തിന്റെ ചില ഭാഗങ്ങൾ ഉപയോഗിച്ചാണ് ട്രംപ് ചുമത്തിയ അധികത്തീരുവയ്ക്കെതിരെ കാനഡ പരസ്യം നൽകിയത്.

കാനഡ യുഎസിലേക്ക് 270 കോടി ഡോളറിന്റെ (23,700 കോടിയോളം രൂപ) കയറ്റുമതി നടത്തുന്നുണ്ട്. കാനഡയിൽ നിന്നുള്ള ഉൽപന്നങ്ങൾക്ക് യുഎസ് അധിക തീരുവ ചുമത്തിയതും കാനഡ തിരിച്ച് യുഎസ് ഉൽപന്നങ്ങളുടെ ഇറക്കുമതി തീരുവ കൂട്ടിയതും ഏപ്രിലിലാണ്.

ഒക്ടോബർ 16-നാണ് പരസ്യം ആദ്യമായി ഓൺലൈനിൽ പോസ്റ്റ് ചെയ്തത്. റീഗന്റെ ഓഡിയോക്കൊപ്പം ‘കാനഡയ്ക്കെതിരായ അമേരിക്കൻ തീരുവകൾക്കെതിരെ സംസാരിക്കുന്നത് ഒരിക്കലും നിർത്തില്ല. ഒരുമിച്ച് പ്രവർത്തിക്കുന്നതിലൂടെയാണ് അഭിവൃദ്ധിയിലേക്കുള്ള വഴി.’ അടിക്കുറിപ്പ് ഇങ്ങനെയായിരുന്നു.

കാനഡയെ 51-ാമത്തെ യുഎസ് സംസ്ഥാനമാക്കുമെന്ന ട്രംപിന്റെ ഭീഷണിയിൽ തകർന്ന ഇരുരാജ്യങ്ങളുടേയും സൗഹൃദം ഒരു പരസ്യത്തോടെ കൂടുതൽ വഷളാവുന്ന നിലയിലെത്തി. പല കാനഡക്കാരും അമേരിക്കൻ ഉൽപ്പന്നങ്ങൾ ബഹിഷ്‌കരിക്കുകയും യുഎസിലേക്ക് യാത്ര ചെയ്യാൻ വിസമ്മതിക്കുകയും ചെയ്യുന്നുണ്ട്.

കാനഡ വളരെക്കാലമായി യുഎസിന്റെ പ്രധാന വ്യാപാര പങ്കാളിയാണ്. കഴിഞ്ഞ വർഷം യുഎസ് 411.9 ബില്യൺ ഡോളറിന്റെ സാധനങ്ങൾ കാനഡയിൽ നിന്ന് ഇറക്കുമതി ചെയ്തിരുന്നു. എന്നാൽ ഓട്ടോ, സ്റ്റീൽ, അലുമിനിയം, തടി, ഊർജ്ജം തുടങ്ങിയ മേഖലകളിൽ ട്രംപ് ഏർപ്പെടുത്തിയ ഉയർന്ന തീരുവകൾ കാനഡയുടെ സമ്പദ്വ്യവസ്ഥയെ കാര്യമായി ബാധിച്ചു.