Latestവിനോദം

ലൈംഗികാതിക്രമം; സംഗീത സംവിധായകൻ സച്ചിൻ സങ്‌വി അറസ്റ്റിൽ

മുംബൈ: സംഗീത ആല്‍ബത്തില്‍ അവസരം നല്‍കാമെന്നും വിവാഹം ചെയ്യാമെന്നും വാഗ്ദാനം ചെയ്ത് യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ സംഗീത സംവിധായകനും ഗായകനുമായ സച്ചിന്‍ സങ്‌വി അറസ്റ്റിലായി. ഒക്ടോബര്‍ 23 വ്യാഴാഴ്ചയാണ് അറസ്റ്റ് ചെയ്തത്. പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് പരാതിക്കാരിയും സച്ചിനും പരിചയപ്പെട്ടത്. സച്ചിനാണ് ആദ്യം സന്ദേശം അയച്ചത്. പിന്നീട് പെണ്‍കുട്ടിയുമായി ബന്ധം സ്ഥാപിച്ച സച്ചിന്‍ തന്റെ വരാനിരിക്കുന്ന സംഗീത ആല്‍ബത്തില്‍ അവസരം നല്‍കാമെന്ന് വാഗ്ദാനം നല്‍കി. പിന്നീട് ഇരുവരും ഫോണ്‍ നമ്പറുകള്‍ കൈമാറി എന്നും പോലീസ് പറയുന്നു.

ശേഷം സച്ചിന്‍ പെണ്‍കുട്ടിയെ തന്റെ മ്യൂസിക് സ്റ്റുഡിയോയിലേക്ക് വിളിച്ചുവരുത്തി. അവിടെ വച്ചാണ് അദ്ദേഹം വിവാഹാഭ്യര്‍ഥന നടത്തിയത്. പലതവണ സച്ചിന്‍ പെണ്‍കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നും പരാതിയില്‍ പറയുന്നു. എന്നാല്‍ സച്ചിന്റെ അഭിഭാഷകന്‍ ആദിത്യ മീഠേ ഈ ആരോപണങ്ങള്‍ നിഷേധിച്ചു. ആരോപണങ്ങള്‍ അടിസ്ഥാനരഹിതവും വസ്തുതാവിരുദ്ധവുമാണെന്ന് അദ്ദേഹം പറയുന്നു. ‘എന്റെ കക്ഷിയെ കസ്റ്റഡിയിലെടുത്തത് നിയമവിരുദ്ധമായാണ്. അതുകൊണ്ടാണ് അദ്ദേഹത്തിന് ഉടന്‍ ജാമ്യം ലഭിച്ചത്. എല്ലാ ആരോപണങ്ങളെയും പ്രതിരോധിക്കാനാണ് തീരുമാനം’- അഭിഭാഷകന്‍ റഞ്ഞു.

കഴിഞ്ഞ വര്‍ഷം പുറത്തിറങ്ങിയ സ്ത്രീ 2 എന്ന ചിത്രത്തിലെ സച്ചിന്‍ സംഗീതം നല്‍കിയ ‘ആജ് കീ രാത്ത്’ എന്ന ഗാനം വലിയ ഹിറ്റായിരുന്നു. ദിപാവലി റിലീസായി എത്തിയ തമ്മ എന്ന ചിത്രത്തിലും സച്ചിന്‍ സംഗീതം നല്‍കിയിട്ടുണ്ട്.