ശ്രേയസ് അയ്യർക്ക് പരിക്ക്; ആരോഗ്യനില തൃപ്തികരമെന്ന് ബിസിസിഐ
സിഡ്നി: ഓസ്ട്രേലിയയ്ക്കെതിരായ മൂന്നാം മത്സരത്തിനിടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ക്ക് പരിക്ക്. സിഡ്നിയിലെ ആശുപത്രിയിലുള്ള താരത്തെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് ഐസിയുവില്‍ പ്രവേശിപ്പിച്ചിരുന്നു. സ്കാനിങ്ങില്‍ പ്ലീഹയ്ക്ക് ക്ഷമതേറ്റതായി കണ്ടെത്തിയതെന്ന് ബിസിസിഐ അറിയിച്ചു. നിലവിൽ ചികിത്സയിലുള്ള ശ്രേയസിന്റെ ആരോഗ്യ നില തൃപ്തികരമാണെന്നും താരം സുഖം പ്രാപിച്ചുവരികയാണെന്നും ബിസിസിഐ പുറത്തിറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. സിഡ്നിയിലെയും ഇന്ത്യയിലെയും വിദഗ്ധരുമായി കൂടിയാലോചിച്ച് ബിസിസിഐയുടെ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ പരിക്കിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണെന്നും ക്രിക്കറ്റ് ബോര്‍ഡ് കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ ടീം ഡോക്ടര്‍ ശ്രേയസ്സിനൊപ്പം സിഡ്നിയില്‍ തുടരുമെന്നും ബിസിസിഐ വ്യക്തമാക്കി. ശനിയാഴ്ച ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെയാണ് ശ്രേയസ് അയ്യരുടെ ഇടത് വശത്തെ വാരിയെല്ലിന് പരിക്കേറ്റത്. പ്രാഥമിക മെഡിക്കല്‍ പരിശോധനകള്‍ക്ക് ശേഷം താരത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നാലെ ആന്തരിക രക്തസ്രാവത്തെ തുടര്‍ന്ന് അയ്യരെ ഐസിവിലും പ്രവേശിപ്പിച്ചു. ഇതിന് പിന്നാലെയാണ് താരത്തിന്റെ ആരോഗ്യസ്ഥിതി സംബന്ധിച്ച് ബിസിസിഐയുടെ വിശദീകരണം.
‘ഒക്ടോബര്‍ 25-ന് സിഡ്നിയില്‍ ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡ് ചെയ്യുന്നതിനിടെ ശ്രേയസ് അയ്യരുടെ ഇടത് വശത്തെ താഴത്തെ വാരിയെല്ലിന് ആഘാതമേറ്റു. കൂടുതല്‍ പരിശോധനകള്‍ക്കായി അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
സ്കാനിങ്ങില്‍ അദ്ദേഹത്തിന്റെ പ്ലീഹയ്ക്ക് ക്ഷതമേറ്റതായി കണ്ടെത്തി. അദ്ദേഹം ചികിത്സയിലാണ്, ആരോഗ്യനില തൃപ്തികരമാണ്, സുഖം പ്രാപിച്ചുവരുന്നു. സിഡ്നിയിലെയും ഇന്ത്യയിലെയും വിദഗ്ധരുമായി കൂടിയാലോചിച്ച് ബിസിസിഐയുടെ മെഡിക്കല്‍ സംഘം അദ്ദേഹത്തിന്റെ പരിക്കിന്റെ അവസ്ഥ സൂക്ഷ്മമായി നിരീക്ഷിച്ചുവരികയാണ്. അദ്ദേഹത്തിന്റെ ദൈനംദിന പുരോഗതി വിലയിരുത്തുന്നതിനായി ഇന്ത്യന്‍ ടീം ഡോക്ടര്‍ ശ്രേയസ്സിനൊപ്പം സിഡ്നിയില്‍ തുടരും’ ബിസിസിഐ പ്രസ്താവനയില്‍ പറയുന്നു.
