നടിയെ ആക്രമിച്ച കേസ്; ഹാജരാക്കാത്ത രണ്ട് ഫോണുകളുടെ വിവരങ്ങൾ ക്രൈംബ്രാഞ്ചിന്
കൊച്ചി: നടിയെ ആക്രമിച്ച കേസിൽ അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചതുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാക്കാത്ത രണ്ട് ഫോണുകളുടെ വിവരങ്ങളുടെ പകർപ്പ് ക്രൈംബ്രാഞ്ച് സംഘത്തിന് ലഭിച്ചു. തുടരന്വേഷണത്തിൽ ഇത് നിർണായക തെളിവാകുമെന്നാണ് ക്രൈംബ്രാഞ്ചിൻറെ വിലയിരുത്തൽ. തിരുവനന്തപുരത്തെ ഫോറൻസിക് ലാബിൽ നിന്നാണ് റിപ്പോർട്ട് ലഭിച്ചത്.
ഇതിൻ പുറമെ ദിലീപ് ഹൈക്കോടതിയിൽ ഹാജരാക്കിയ മറ്റ് ആറ് ഫോണുകളുടെ വിശദാംശങ്ങൾ അടങ്ങിയ ഫോറൻസിക് റിപ്പോർട്ടും അന്വേഷണ സംഘത്തിൻ ലഭിച്ചിട്ടുണ്ട്. റിപ്പോർട്ട് ക്രൈംബ്രാഞ്ച് വിശദമായി പരിശോധിക്കുകയാണ്. കൂടുതൽ ചോദ്യം ചെയ്യൽ പിന്നീട് നടക്കും.
അന്വേഷണ ഉദ്യോഗസ്ഥനെ അപായപ്പെടുത്താൻ ശ്രമിച്ച കേസുമായി ബന്ധപ്പെട്ടാണ് ഫോണുകൾ കോടതി വഴി പരിശോധനയ്ക്ക് അയച്ചത്. ഇതിൽ നിന്ന് ലഭിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിൽ നടിയെ ആക്രമിച്ച കേസിൽ തെളിവായി സ്വീകരിക്കാൻ വിചാരണക്കോടതിയിൽ പ്രത്യേക അപേക്ഷ നൽകും.