രാജ്യത്ത് പുതിയതായി 7,240 പേർക്ക് കോവിഡ്
ഡൽഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ 7,240 പുതിയ കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോർട്ട് ചെയ്തത്. ഇന്നലെ റിപ്പോർട്ട് ചെയ്ത കേസുകളിൽ 40 ശതമാനം വർദ്ധനവും രേഖപ്പെടുത്തി. ബുധനാഴ്ച 5,233 പേർക്കാണ് രാജ്യത്ത് രോഗം സ്ഥിരീകരിച്ചത്. ഇന്നലെയും പ്രതിദിന കേസുകളിൽ 40 ശതമാനം വർദ്ധനവുണ്ടായി. മഹാരാഷ്ട്ര, കേരളം തുടങ്ങിയ സംസ്ഥാനങ്ങളിൽ കൊവിഡ് കുത്തനെ ഉയർന്നു.
94 ദിവസത്തിനു ശേഷം ഇന്ത്യയിലെ പ്രതിദിന കൊറോണ വൈറസ് അണുബാധകൾ 5,000 കടന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇന്നലെ കേസുകൾ 5,000 കടന്നു. നിലവിൽ ആകെ ആക്ടീവ് കേസുകളുടെ എണ്ണം 32,498 ആണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.31 ശതമാനമാണെങ്കിൽ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 2.13 ശതമാനമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. എട്ട് പുതിയ മരണങ്ങളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഇതോടെ രാജ്യത്ത് കോവിഡ്-19 ബാധിച്ച് മരിച്ചവരുടെ എണ്ണം 5,24,723 ആയി. രാജ്യത്ത് ഇതുവരെ ആകെ 4.31 കോടി പേർക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
മഹാരാഷ്ട്രയിൽ ബുധനാഴ്ച 2,701 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. ജനുവരി 25നു ശേഷം റിപ്പോർട്ട് ചെയ്യപ്പെടുന്ന ഏറ്റവും വലിയ പ്രതിദിന വർധനവാണിത്. ഇതിൽ 42 ശതമാനം അണുബാധകളും റിപ്പോർട്ട് ചെയ്തത് മുംബൈയിൽ നിന്നാണ്. ബിഎ5 വകഭേദത്തിന്റെ ഒരു കേസും ഇവിടെ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. കേരളത്തിൽ 2,271 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ 10,805 പുതിയ കേസുകളാണ് കേരളത്തിൽ റിപ്പോർട്ട് ചെയ്തത്. രാജ്യതലസ്ഥാനമായ ഡൽഹിയിൽ 564 പുതിയ കേസുകൾ റിപ്പോർട്ട് ചെയ്തു. തമിഴ്നാട്ടിൽ 195 കേസുകളും തെലങ്കാനയിൽ 116 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.