സ്വപ്നയ്ക്കെതിരെ ജലീലിന്റെ പരാതി; 12 അംഗ പൊലീസ് സംഘം അന്വേഷിക്കും
തിരുവനന്തപുരം: സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷിന്റെ ആരോപണവുമായി ബന്ധപ്പെട്ട് മുൻ മന്ത്രി കെ ടി ജലീൽ നൽകിയ പരാതി പ്രത്യേക പൊലീസ് സംഘം അന്വേഷിക്കും. ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ഷേക്ക് ദർവേഷ് സാഹിബിനാണ് മേൽനോട്ട ചുമതല. തിരുവനന്തപുരം ക്രൈംബ്രാഞ്ച് എസ്പി എസ് മധുസൂദനനാണ് അന്വേഷണ ഉദ്യോഗസ്ഥൻ. അഡി. എസ്.പി സദാനന്ദനും സംഘത്തിലുണ്ട്. 12 അംഗ സംഘമാണ് രൂപീകരിച്ചിരിക്കുന്നത്.
സ്വപ്നയുടെ ആരോപണങ്ങളിൽ അന്വേഷണം ആവശ്യപ്പെട്ട് കെ.ടി ജലീൽ ഇന്നലെ കന്റോൺമെന്റ് പൊലീസ് സ്റ്റേഷനിലെത്തി പരാതി നൽകി. തന്നെയും മുഖ്യമന്ത്രിയുടെ കുടുംബത്തെയും അപകീർത്തിപ്പെടുത്തുകയാണെന്നാണ് പരാതി. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനിൽ നിന്ന് നിയമോപദേശം തേടിയ ശേഷം ഗൂഢാലോചന, കലാപശ്രമം എന്നീ വകുപ്പുകൾ ചുമത്തിയാണ് സ്വപ്നയ്ക്കും പി.സി ജോർജിനുമെതിരെ കേസെടുത്തിരിക്കുന്നത്.