രാഷ്ട്രപതി തിരഞ്ഞെടുപ്പ് തിയ്യതി പ്രഖ്യാപിച്ചു ;രാംനാഥ് കോവിന്ദിന്റെ പിന്‍ഗാമി ആര്?
ന്യൂഡല്‍ഹി: ജൂലൈ 18ന് രാഷ്ട്രപതി തിരഞ്ഞെടുപ്പ് നടക്കുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. തിരഞ്ഞെടുപ്പ് വിജ്ഞാപനം ജൂൺ 15ന് പുറപ്പെടുവിക്കും. ജൂലൈ 21നായിരിക്കും വോട്ടെണ്ണൽ നടക്കുക. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ കാലാവധി ജൂലൈ 24ന് അവസാനിക്കും. ഇതിന് മുമ്പ് പുതിയ പ്രസിഡന്റിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയ പൂർത്തിയാക്കേണ്ടതുണ്ട്. രാജ്യസഭാ സെക്രട്ടറി ജനറലാണ് തിരഞ്ഞെടുപ്പിന്റെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ.
കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പട്ടികവർഗ വിഭാഗത്തിൽ നിന്നുള്ള വനിതാ നേതാക്കൾ, അനുസൂയ ഉയ്കെ, ദ്രൗപദി മുർമു, കർണാടക ഗവർണർ തവർചന്ദ് ഗെഹ്ലോട്ട് എന്നിവരുടെ പേരുകൾ ബിജെപിയുടെ പരിഗണനയിലുണ്ട്. നിലവിൽ ഛത്തീസ്ഗഢ് ഗവർണറാണ് അനുസൂയ. ജാർഖണ്ഡ് ഗവർണറാണ് ദ്രൗപദി മുർമു.
പാർലമെന്റിന്റെ ഇരുസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും ദേശീയ തലസ്ഥാനമായ ഡൽഹിയും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും ഉൾപ്പെടെ എല്ലാ സംസ്ഥാന നിയമസഭകളിലെയും തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങളും അടങ്ങുന്ന ഇലക്ടറൽ കോളേജാണ് തിരഞ്ഞെടുപ്പിൽ പങ്കെടുക്കുക. രാജ്യസഭ, ലോക്സഭ, സംസ്ഥാന നിയമസഭകളിലെ നാമനിർദ്ദേശം ചെയ്യപ്പെട്ട അംഗങ്ങൾക്ക് രാഷ്ട്രപതി തിരഞ്ഞെടുപ്പിൽ പങ്കെടുക്കാൻ കഴിയില്ല. മാത്രമല്ല, ലെജിസ്ലേറ്റീവ് കൗൺസിൽ അംഗങ്ങൾക്ക് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടവകാശമില്ല.