സുരക്ഷാവലയത്തില്‍ മുഖ്യമന്ത്രി
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷ ശക്തമാക്കി. 40 അംഗ സംഘമാണ് മുഖ്യമന്ത്രിയെ യാത്രകളിൽ അനുഗമിക്കുക. പൈലറ്റ് വാഹനത്തിൽ അഞ്ച് പേരും രണ്ട് കമാൻഡോ വാഹനങ്ങളിലായി 10 പേരും റാപ്പിഡ് ഇൻസ്പെക്ഷൻ സംഘത്തിൽ എട്ട് പേരും ഉണ്ടാകും. ഇതിനു പുറമെ ജില്ലകളിൽ അധിക പൈലറ്റും അകമ്പടിയും വിന്യസിക്കും.
മുഖ്യമന്ത്രി പങ്കെടുക്കുന്ന പരിപാടികളുടെ സുരക്ഷയ്ക്ക് പുറമെയാണിത്. ഇന്ന് കോട്ടയത്ത് മുഖ്യമന്ത്രി പങ്കെടുക്കുന്ന പൊതുപരിപാടിയിൽ പ്രവേശിക്കുന്നതിന് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. പങ്കെടുക്കുന്നവർ ഒരു മണിക്കൂർ മുമ്പ് ഹാളിൽ പ്രവേശിക്കണമെന്ന് കേരള ഗസറ്റഡ് ഓഫീസേഴ്സ് അസോസിയേഷൻ (കെജിഒഎ) നിർദേശം നൽകി.
പരിപാടിയിൽ പങ്കെടുക്കുന്ന മാധ്യമപ്രവർത്തകർക്ക് പാസ് വേണമെന്നും നിബന്ധനയുണ്ട്. കോട്ടയം നഗരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കെ.കെ. റോഡിൽ ജനറൽ ആശുപത്രിക്ക് മുന്നിൽ വാഹനങ്ങൾ തടഞ്ഞു. ഇതേതുടർന്ന് യാത്രക്കാരും പോലീസും തമ്മിൽ തർക്കമുണ്ടായി.