വിജിലൻസ് മേധാവിയെ മാറ്റിയതിന്റെ കാരണം വെളിപ്പെടുത്തി കോടിയേരി
തിരുവനന്തപുരം: ആരോപണങ്ങൾ ഉയർന്നതിനെ തുടർന്നാണ് വിജിലൻസ് മേധാവി എഡിജിപി എം.ആർ അജിത് കുമാറിനെ, തൽസ്ഥാനത്ത് നിന്ന് മാറ്റിയതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ആരോപണങ്ങളിൽ അന്വേഷണം വേണോ എന്ന് തീരുമാനിക്കേണ്ടത് സർക്കാരാണെന്നും, കലാപമുണ്ടാക്കാൻ ശ്രമിച്ചാൽ ജനങ്ങളെ അണിനിരത്തി കൈകാര്യം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
സ്വർണക്കടത്ത് കേസിലെ പ്രതി സ്വപ്ന സുരേഷുമായി അജിത് കുമാർ വാട്സ്ആപ്പ് കോൾ നടത്തിയെന്നാണ് വിവരം. സ്വപ്ന ഇക്കാര്യം വെളിപ്പെടുത്തുകയും ഇടനിലക്കാരനായി എത്തിയ ഷാജ് കിരൺ ഇക്കാര്യം സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് അജിത് കുമാറിനെ തൽസ്ഥാനത്ത് നിന്ന് മാറ്റിയത്.
അതേസമയം, മുഖ്യമന്ത്രിയുടെ സുരക്ഷയെ കുറിച്ച് ചോദിച്ചപ്പോൾ മുഖ്യമന്ത്രിയായതിനാലാണ് സുരക്ഷ നൽകുന്നതെന്ന് എൽഡിഎഫ് കൺവീനർ ഇ.പി ജയരാജൻ പറഞ്ഞു. മുഖ്യമന്ത്രിയുടെ സന്ദർശനത്തിന് മുന്നോടിയായി കോട്ടയം ജില്ലയിൽ സുരക്ഷ ശക്തമാക്കിയതിനെ കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.