അഗ്നിപഥ് പദ്ധതി; കാര്‍ഷിക നിയമങ്ങളെ പോലെ ഇതും പിന്‍വലിക്കേണ്ടി വരുമെന്ന് ഉവൈസി

ന്യൂദല്‍ഹി: കേന്ദ്രത്തിന്റെ പുതിയ അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യവ്യാപകമായി നടക്കുന്ന പ്രതിഷേധത്തിൽ പ്രതികരണവുമായി എഐഎംഐഎം നേതാവും ഹൈദരാബാദ് എംപിയുമായ അസദുദ്ദീൻ ഉവൈസി. അഗ്നിപഥ് പദ്ധതി കേന്ദ്രത്തിന്റെ തെറ്റായ തീരുമാനമാണെന്നും മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിച്ചതു പോലെ ഇത് പിൻവലിക്കേണ്ടി വരുമെന്നും ഒവൈസി പറഞ്ഞു. ‘ ഈ പദ്ധതി സർക്കാർ എടുത്ത തീർത്തും തെറ്റായ തീരുമാനമാണ്. അതൊരിക്കലും രാജ്യത്തിന് ഗുണകരമാകില്ല’. “നമ്മുടെ സൈനികരും നാവികസേനാ ഉദ്യോഗസ്ഥരും വെറും കരാർ തൊഴിലാളികളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കരുതുന്നു. എന്നാൽ അവരുടെ തൊഴിലിനെ ബഹുമാനിക്കണം,” ഉവൈസി പറഞ്ഞു.