നടിയെ ആക്രമിച്ച കേസിൽ ദിലീപിന്റെ ജാമ്യത്തിനെതിരായ ഹര്‍ജിയില്‍ വിധി 28ന് ഉണ്ടാകും
കൊച്ചി : നടിയെ ആക്രമിച്ച കേസിൽ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പ്രോസിക്യൂഷന് സമർപ്പിച്ച ഹർജിയുടെ വിധി ഈ മാസം 28ന്. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിലെ ശബ്ദസന്ദേശങ്ങൾ റെക്കോർഡ് ചെയ്ത തീയതികൾ കണ്ടെത്തണമെന്നും കോടതി പറഞ്ഞു. ശബ്ദസന്ദേശം പെൻഡ്രൈവിലേക്ക് മാറ്റിയ ലാപ്ടോപ്പ് കണ്ടെത്താൻ അന്വേഷണം നടക്കുകയാണെന്ന് പ്രോസിക്യൂഷൻ കോടതിയെ അറിയിച്ചു. ദിലീപ്, അനൂപ്, സൂരജ്, ശരത് എന്നിവരുടെ ശബ്ദസാമ്പിളുകൾ വീണ്ടും എടുക്കണമെന്നാണ് ക്രൈംബ്രാഞ്ച് കോടതിയിൽ വാദിച്ചത്. പുതിയ തെളിവുകൾ കണ്ടെത്തിയ സാഹചര്യത്തിൽ ശബ്ദസാമ്പിളുകൾ വീണ്ടും എടുക്കണമെന്ന് ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.
ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷന്റെ ഹർജിയിൽ വാദം പൂർത്തിയായി. ദിലീപ് സാക്ഷികളെ സ്വാധീനിച്ചിട്ടുണ്ടെന്നും ഇത് തെളിയിക്കാനുള്ള തെളിവുകൾ ഉണ്ടെന്നും പ്രോസിക്യൂഷൻ വാദിച്ചു. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിലെ ശബ്ദസന്ദേശങ്ങൾ പ്രോസിക്യൂഷൻ തെളിവായി കോടതിയിൽ സമർപ്പിച്ചു. പ്രതികളുടെ ഫോണുകളിൽ നിന്ന് പിടിച്ചെടുത്ത ശബ്ദ സന്ദേശങ്ങൾ പ്രോസിക്യൂഷൻ കോടതിയിൽ ഹാജരാക്കിയിരുന്നു.
എന്നാൽ പ്രോസിക്യൂഷന്റെ വാദങ്ങൾ കെട്ടിച്ചമച്ചതാണെന്നായിരുന്നു പ്രതിഭാഗത്തിന്റെ മറുപടി. ബാലചന്ദ്രകുമാർ ഹാജരാക്കിയ പെൻഡ്രൈവിലെ ശബ്ദ സന്ദേശങ്ങളുടെ ആധികാരികതയെക്കുറിച്ചും പ്രതിഭാഗം സംശയം ഉന്നയിച്ചിട്ടുണ്ട്. കേസിലെ നടിയുടെ മൊഴികൾ പുതിയ രൂപത്തിൽ തിരികെ കൊണ്ടുവന്ന പ്രോസിക്യൂഷനെയും പ്രതിഭാഗം വിമർശിച്ചു. ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ പെന്‍ഡ്രൈവിലെ ശബ്ദ സന്ദേശങ്ങളുടെ യഥാര്‍ത്ഥ തീയതി കണ്ടെത്താന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്ന് കോടതി നിരീക്ഷിച്ചു. ഇത് പരിശോധിക്കണമെന്നും കോടതി നിർദ്ദേശിച്ചിട്ടുണ്ട്. ശബ്ദം റെക്കോർഡ് ചെയ്ത തീയതികൾ പ്രധാനമാണെന്നും കോടതി പറഞ്ഞു.