പാവഗഢ് ക്ഷേത്രത്തില്‍ കൊടി ഉയര്‍ത്തി നരേന്ദ്ര മോദി

അഹമ്മദാബാദ്: ഗുജറാത്തിലെ പ്രശസ്തമായ പാവഗഢ് മഹാകാളി ക്ഷേത്രത്തിൽ, മതങ്ങള്‍ക്കതീതമായി മാനവസൗഹൃദം വിളംബരം ചെയ്‌തുകൊണ്ട്, പ്രധാനമന്ത്രി നരേന്ദ്ര മോദി കൊടി ഉയർത്തി. അഞ്ച് നൂറ്റാണ്ടുകൾക്ക് ശേഷം നടക്കുന്ന ധ്വജരോഹണം പുതിയ ചരിത്രമാണെന്ന് മോദി പറഞ്ഞു.

പുതിയ ഗോപുരം പണിയുന്നതിനായി ഈ ക്ഷേത്രത്തിലെ ദര്‍ഗ മുസ്‌ലിങ്ങളുടെ അനുമതിയോടെ മാറ്റിസ്ഥാപിക്കാനായതാണ് നവീകരണത്തിനും കൊടിയേറ്റത്തിനും വഴിയൊരുക്കിയത്. രാജ്യത്ത് നടക്കുന്ന ക്ഷേത്ര നവീകരണങ്ങൾ സാംസ്കാരിക ചരിത്രത്തിൻറെ വീണ്ടെടുപ്പാണെന്ന് പതാക ഉയർത്തിയ ശേഷം നടത്തിയ പ്രസംഗത്തിൽ പ്രധാനമന്ത്രി പറഞ്ഞു.

വഡോദരയ്ക്കടുത്ത് പഞ്ചമഹൽ ജില്ലയിൽ 800 മീറ്റർ ഉയരമുള്ള കുന്നിൻ മുകളിലാണ് പാവഗഡ് മഹാകാളി ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. പതിനഞ്ചാം നൂറ്റാണ്ടിൽ സുൽത്താൻ മുഹമ്മദ് ബെഗാഡ തകർത്ത ക്ഷേത്രത്തിൻറെ ഗോപുരമാണ് പുനർനിർമ്മിച്ചത്. ഇതിനായി ക്ഷേത്രത്തിലെ ദർഗ ക്ഷേത്രത്തിൻറെ മറ്റൊരു ഭാഗത്തേക്ക് മാറ്റാൻ ശ്രമങ്ങൾ നടന്നിരുന്നു. ഇപ്പോൾ ഇരു മതവിഭാഗക്കാരും തമ്മിലുള്ള എല്ലാ തർക്കങ്ങളും കോടതിക്ക് പുറത്ത് പരിഹരിച്ചു, ഇത് നവീകരണത്തിന് വഴിയൊരുക്കി.