സ്വര്‍ണക്കടത്ത് കേസ്; സ്വപ്നയുടെ രഹസ്യമൊഴി ഇ.ഡിക്ക്
കൊച്ചി: സ്വർണക്കടത്ത് കേസിൽ സ്വപ്ന സുരേഷ് കസ്റ്റംസിന് നൽകിയ രഹസ്യമൊഴിയുടെ പകർപ്പ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് (ഇഡി) കൈമാറി. ഇഡി സമർപ്പിച്ച അപേക്ഷ പരിഗണിച്ച കൊച്ചിയിലെ പ്രത്യേക കോടതിയാണ് മൊഴിയുടെ പകർപ്പ് ഇഡിക്ക് കൈമാറിയത്. അതേസമയം, ഡോളർ കടത്ത് കേസിൽ രഹസ്യമൊഴി ആവശ്യപ്പെട്ടുള്ള ഹർജിയിൽ വാദം കേൾക്കുന്നത് ജൂൺ 22 ലേക്ക് മാറ്റി. കസ്റ്റംസ് അഭിഭാഷകന്റെ വാദങ്ങളും കേൾക്കേണ്ടതുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി പരിഗണിക്കുന്നത് കോടതി മാറ്റിവച്ചത്.
സ്വർണക്കടത്ത് കേസിലും ഡോളർ കടത്ത് കേസിലും സ്വപ്ന സുരേഷ് 2020 ൽ കസ്റ്റംസിന് രഹസ്യമൊഴി നൽകിയിരുന്നു. ഈ പ്രസ്താവനകളിൽ മുഖ്യമന്ത്രി പിണറായി വിജയൻ, പി. ശ്രീരാമകൃഷ്ണൻ ഉൾപ്പെടെയുള്ളവർക്കെതിരെ പരാമർശങ്ങളുണ്ടെന്ന് അന്നത്തെ കസ്റ്റംസ് കമ്മീഷണർ സുമിത് കുമാറും ഹൈക്കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ വെളിപ്പെടുത്തിയിരുന്നു.
രഹസ്യമൊഴിയുടെ പകർപ്പ് ആവശ്യപ്പെട്ട് ഇഡി നേരത്തെ കോടതിയെ സമീപിച്ചിരുന്നുവെങ്കിലും കസ്റ്റംസിന്റെ എതിർപ്പിനെ തുടർന്ന് ഈ അപേക്ഷകൾ കോടതി തള്ളുകയായിരുന്നു. സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് അന്വേഷണം പൂർത്തിയായതോടെയാണ് രഹസ്യമൊഴിയുടെ പകർപ്പ് ഇഡിക്ക് കൈമാറിയത്.