ലൈഫ് മിഷൻ കേസിൽ വീണ്ടും സരിത്തിന് വിജിലൻസ് നോട്ടിസ്
കൊച്ചി : ലൈഫ് മിഷൻ കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് സരിത്തിന് വിജിലൻസ് വീണ്ടും നോട്ടീസ് നൽകി. ഈ മാസം 25ന് ഹാജരാകാനാണ് വിജിലൻസ് ആവശ്യപ്പെട്ടിരിക്കുന്നത്. ഉദ്യോഗസ്ഥർ നേരിട്ടാണ് നോട്ടീസ് കൈമാറിയത്. പിടിച്ചെടുത്ത ഫോണിന്റെ പരിശോധനയ്ക്കും സരിത്തിന്റെ സാന്നിദ്ധ്യം ആവശ്യമാണ്.
സരിത്തിനെ ഹാജരാകാൻ ആവശ്യപ്പെട്ട് വിജിലൻസ് നേരത്തെ നോട്ടീസ് നൽകിയിരുന്നു. എന്നാൽ ഹാജരാകാൻ തനിക്ക് വ്യക്തിപരമായ ബുദ്ധിമുട്ടുണ്ടെന്ന് കാണിച്ച് സരിത്ത് വിജിലൻസ് എസ്പിക്ക് ഇമെയിൽ അയച്ചിരുന്നു. ഇതേതുടർന്ന് വീണ്ടും ഹാജരാകാൻ ആവശ്യപ്പെട്ട് വിജിലൻസ് നോട്ടീസ് നൽകി.
കേസുമായി ബന്ധപ്പെട്ട് സരിത്ത് ജയിലിൽ കഴിയുമ്പോൾ വിജിലൻസ് ചോദ്യം ചെയ്തിരുന്നു. സരിത്തിന്റെ മൊഴിയും സിബിഐ രേഖപ്പെടുത്തിയിരുന്നു. ഫ്ലാറ്റ് നിർമ്മാണ കരാറുമായി ബന്ധപ്പെട്ട് വടക്കാഞ്ചേരിയിലെ ലൈഫ് മിഷൻ കമ്മിഷൻ ലഭിച്ചെന്നാണ് കേസ്. സരിത്തിനെ കൂടാതെ സ്വപ്ന, സന്ദീപ് നായർ, എം ശിവശങ്കർ എന്നിവരും കേസിൽ പ്രതികളാണ്.