രാജ്യത്തിന്റെ മികച്ച രാഷ്ട്രപതിയാകും ദ്രൗപദിയെന്ന് പ്രധാനമന്ത്രി മോദി
ന്യൂഡൽഹി: ദ്രൗപദി മുർമു രാജ്യത്തെ ഏറ്റവും മികച്ച രാഷ്ട്രപതിയാകുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. എൻഡിഎയുടെ രാഷ്ട്രപതി സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെ ദ്രൗപദിയെ അഭിനന്ദിച്ച് കൊണ്ടുള്ള ട്വീറ്റിലാണ് അദ്ദേഹത്തിന്റെ പരാമർശം. രാജ്യത്തെ ദരിദ്രർക്ക് കരുത്ത് പകരുന്ന നേതാവാണ് ദ്രൗപദിയെന്നും മോദി പറഞ്ഞു.
“ദ്രൗപദി തന്റെ ജീവിതം സമൂഹത്തെ സേവിക്കുന്നതിനും ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും പാർശ്വവത്കരിക്കപ്പെട്ടവരുടെയും ഉന്നമനത്തിനും വേണ്ടി സമർപ്പിച്ചയാളാണ്. അവർക്ക് സമ്പന്നമായ ഭരണപരിചയമുണ്ട്. ഗവർണർ സ്ഥാനവും നന്നായി കൈകാര്യം ചെയ്തു. നമ്മുടെ രാജ്യത്തെ ഏറ്റവും മികച്ച പ്രസിഡന്റായിരിക്കും അവരെന്ന് എനിക്കുറപ്പുണ്ട്”.
“ദാരിദ്ര്യത്തിൽ നിന്നും കഷ്ടപ്പാടുകളിൽ നിന്നും ഉയർന്നു വന്ന ദശലക്ഷക്കണക്കിന് ആളുകൾ ദ്രൗപദിയുടെ ജീവിതത്തിൽ നിന്ന് പ്രചോദനം ഉൾക്കൊള്ളുന്നു. നയപരമായ കാര്യങ്ങളിൽ ദ്രൗപദിയുടെ അറിവും അനുകമ്പയുള്ള പെരുമാറ്റവും രാജ്യത്തിന് മുതൽക്കൂട്ടാകും,” മോദി ട്വിറ്ററിൽ കുറിച്ചു.