പ്രധാനമന്ത്രിയുടെ സന്ദര്‍ശനം; 23 കോടി മുടക്കിയ റോഡിൽ ഒറ്റ മഴയില്‍ കുഴികൾ
ബാംഗ്ലൂർ : പ്രധാനമന്ത്രിയുടെ ഹ്രസ്വ സന്ദര്‍ശത്തനത്തിന്റെ പശ്ചാത്തലത്തിൽ ബൃഹദ് മഹാനഗര പാലികെ 23 കോടി രൂപ ചെലവിൽ ബെംഗളൂരുവിൽ അതിവേഗത്തിൽ പുതിയ റോഡ് നിർമ്മിച്ചു. പ്രധാനമന്ത്രിയുടെ ഏകദിന സന്ദർശനത്തിന് മുന്നോടിയായി വന്‍ തുക മുടക്കിയാണ് റോഡ് നിർമ്മിച്ചത്. എന്നാൽ, കഴിഞ്ഞ ഒരു ദിവസത്തെ മഴയിൽ മാത്രം റോഡിൻറെ പല വശങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ടെന്നാണ് നാട്ടുകാർ ആരോപിക്കുന്നത്. മഴ പെയ്തതോടെ പുതിയ റോഡിൻറെ അവസ്ഥ പലരും പകർത്തി സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തതോടെയാണ് സംഭവം ചൂടേറിയ ചർച്ചാവിഷയമായത്.
എന്നാൽ, ബെംഗളൂരുവിൻറെ മുഖച്ഛായ മാറ്റുന്നതിനായി അടിസ്ഥാന സൗകര്യ വികസനത്തിനുള്ള ഫണ്ട് വിനിയോഗിച്ചാണ് റോഡ് നിർമ്മിച്ചതെന്ന് ബൃഹദ് ബെംഗളൂരു മഹാനഗര പാലികെ പറഞ്ഞു. പ്രധാനമന്ത്രിയുടെ സന്ദർശനം, റോഡ് നിർമ്മാണം വേഗത്തിലാക്കാനുള്ള കാരണങ്ങളിൽ ഒന്ന് മാത്രമാണെന്ന് അധികൃതർ പറഞ്ഞു.
ബാംഗ്ലൂർ യൂണിവേഴ്സിറ്റി കാമ്പസിന് സമീപമാണ് 3.6 കിലോമീറ്റർ ദൈർഘ്യമുള്ള പുതിയ റോഡ് നിർമ്മിച്ചിരിക്കുന്നത്. എന്നാൽ, ഒറ്റമഴയിൽ കോടികൾ മുടക്കി നിർമ്മിച്ച റോഡിൽ കുഴികൾ വീണത് വ്യാപക വിമർശനത്തിന് ഇടയാക്കിയിരുന്നു. യാത്രക്കാർ കുഴികളിൽ വീണ് അപകടങ്ങൾ ഉണ്ടാകാതിരിക്കാൻ കുഴികൾക്ക് സമീപം ബാരിക്കേഡുകൾ സ്ഥാപിച്ചതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. തിങ്കളാഴ്ച ഈ റോഡ് വഴിയാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഡോ ഭീംറാവു അംബേദ്കര്‍ സ്കൂള്‍ ഓഫ് എക്കണോമിക്സിലേക്ക് പോയത്.