എഡ്ജ്ബാസ്റ്റൺ ടെസ്റ്റ് ഇന്ന്
ബർമിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ചാം ടെസ്റ്റ് ഇന്ന് നടക്കും. ഇന്ത്യൻ സമയം ഉച്ചകഴിഞ്ഞ് 3 മണിക്ക് ബർമിങ്ഹാമിലെ എഡ്ജ്ബാസ്റ്റണിലാണ് മത്സരം ആരംഭിക്കുക. പരിശീലകൻ ബ്രണ്ടൻ മക്കല്ലം, ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് എന്നിവരുടെ കീഴിൽ ടെസ്റ്റ് ക്രിക്കറ്റിലേക്ക് ഉജ്ജ്വലമായ തിരിച്ചുവരവ് നടത്തിയ ഇംഗ്ലണ്ട് ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകും. ക്യാപ്റ്റൻ രോഹിത് ശർമ, കെഎൽ രാഹുൽ എന്നിവരുടെ അഭാവവും ഇന്ത്യയ്ക്ക് തിരിച്ചടിയാകും.
ആഷസിലും പിന്നീട് വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയിലും വളരെ മോശം പ്രകടനം കാഴ്ചവച്ച ഇംഗ്ലണ്ട് ന്യൂസീലൻഡിനെതിരായ മൽസരത്തിൽ ക്യാപ്റ്റനെയും പരിശീലകനെയും മാറ്റി. ജോ റൂട്ടിനെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് മാറ്റി ബെൻ സ്റ്റോക്സിനെ നിയമിച്ച ഇംഗ്ലണ്ട് ആൻഡ് വെയിൽസ് ക്രിക്കറ്റ് ബോർഡ് പരിശീലകൻ ക്രിസ് സിൽവർവുഡിനെ മാറ്റി ബ്രെൻഡൻ മക്കല്ലത്തെ നിയമിച്ചു. ഇതോടെ ടീമിൻറെ മനോഭാവം മാറി. ന്യൂസീലൻഡിനെതിരായ മൂന്ന് മത്സരങ്ങളുടെ പരമ്പര ഇംഗ്ലണ്ട് സ്വന്തമാക്കി. അതിനപ്പുറം, ആക്രമണാത്മക ബാറ്റിംഗ് ലൈനപ്പുമായി ഇംഗ്ലണ്ട് ടെസ്റ്റ് ക്രിക്കറ്റിനെ മറ്റൊരു തലത്തിലേക്ക് കൊണ്ടുപോയി. രണ്ടാം ടെസ്റ്റിൽ 50 ഓവറിൽ 299 റണ്സാണ് ഇംഗ്ലണ്ട് നേടിയത്. ആത്മവിശ്വാസത്തിൻറെ കൊടുമുടിയിൽ നിൽക്കുന്ന ഇംഗ്ലണ്ടിനെ തോൽപ്പിക്കാൻ ഇന്ത്യക്ക് വിയർപ്പൊഴുക്കേണ്ടിവരും.
ശ്രീലങ്കയ്ക്കെതിരെയാണ് ഇന്ത്യ അവസാനമായി ടെസ്റ്റ് കളിച്ചത്. ആധികാരികമായാണ് ഇന്ത്യ പരമ്പര തൂത്തുവാരിയത്. എന്നാൽ ഓപ്പണറും ക്യാപ്റ്റനുമായ രോഹിത് ശർമയുടെയും ലോകേഷ് രാഹുലിൻറെയും അഭാവം ഇന്ത്യയ്ക്ക് വലിയ തിരിച്ചടിയാകും. നിലവിലെ ഇന്ത്യൻ കളിക്കാരിൽ ഇംഗ്ലണ്ടിലെ ഏറ്റവും മികച്ച ശരാശരിയാണ് രോഹിതിനുള്ളത്. രോഹിതിൻറെ അഭാവത്തിൽ പേസർ ജസ്പ്രീത് ബുംറയാണ് ഇന്ത്യയെ നയിക്കുക.