എ.കെ.ജി സെന്ററിന് നേരെയുണ്ടായ ബോംബാക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി
തിരുവനന്തപുരം: എകെജി സെന്ററിന് നേരെയുണ്ടായ ആക്രമണത്തെ അപലപിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കുറ്റവാളികളെ കണ്ടെത്തി നിയമത്തിന് മുന്നിൽ കൊണ്ടുവരാൻ പോലീസിന് കർശന നിർദേശം നൽകിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പ്രസ്താവനയിൽ പറഞ്ഞു. സംസ്ഥാനത്തെ ഏറ്റവും വലിയ രാഷ്ട്രീയ പ്രസ്ഥാനത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട ഓഫീസിന് നേരെയാണ് ആക്രമണമുണ്ടായത്. ഇത് പ്രകോപനം സൃഷ്ടിക്കാനും സമാധാനം തകർക്കാനുമുള്ള ശ്രമമാണെന്ന് അദ്ദേഹം പറഞ്ഞു. കുറ്റവാളികളെയും അവരുടെ പിന്നിലുള്ളവരെയും കണ്ടെത്തുമെന്നും ഇത്തരം പ്രകോപനങ്ങൾക്ക് വഴങ്ങാതെ നാടിൻ്റെ സമാധാനം സംരക്ഷിക്കാൻ ഉയർന്ന ബോധത്തോടെ മുന്നിൽ നിൽക്കണമെന്ന് എല്ലാ ജനങ്ങളോടും അഭ്യർത്ഥിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു