ഇന്ധനം മാലിന്യത്തിൽ നിന്നും: വിപ്ലവകരമായ നീക്കവുമായി കെഎസ്ആർടിസി
പൊന്നാനി: ബസുകൾക്ക് ആവശ്യമായ ഇന്ധനം നഗരമാലിന്യങ്ങളിൽ നിന്ന് ഉത്പാദിപ്പിക്കാനുള്ള വിപ്ലവകരമായ നീക്കവുമായി കെഎസ്ആർടിസി. പൊന്നാനി നഗരസഭയും, ശുചിത്വമിഷനും കെഎസ്ആർടിസിയും പദ്ധതിക്കായി കൈകോർക്കുന്നു. മാലിന്യങ്ങളിൽ നിന്ന് സിഎൻജി വാതകം ഉത്പാദിപ്പിക്കും. കെഎസ്ആർടിസി ബസുകൾക്ക് സിഎൻജി ഗ്യാസ് ഇന്ധനമായി ഉപയോഗിക്കും. ഇതോടെ പൊന്നാനിയിലെ മാലിന്യ പ്രശ്നം പരിഹരിക്കാം.
വലിയ സാധ്യതകളിലേക്ക് വഴി തുറക്കുന്ന പദ്ധതി പൊന്നാനി കെഎസ്ആർടിസി ഡിപ്പോയുടെ പരിസരത്ത് തന്നെ നിർമ്മിക്കാനാണ് ലക്ഷ്യമിടുന്നത്. നഗരത്തിലെ ജൈവമാലിന്യങ്ങൾ സംസ്കരിക്കാനും സിഎൻജി വാതകം ഉത്പാദിപ്പിക്കാനും ശേഷിയുള്ള പ്ലാന്‍റ് നിർമ്മിക്കും. ഹോട്ടലുകൾ, അറവുശാലകൾ, ഓഡിറ്റോറിയങ്ങൾ തുടങ്ങിയ സ്ഥാപനങ്ങളിൽ നിന്ന് നഗരസഭ നേരിട്ട് മാലിന്യം ശേഖരിക്കും.
ഇനി മുതൽ പൊതുസ്ഥലങ്ങളിലേക്ക് മാലിന്യം വലിച്ചെറിയേണ്ട ആവശ്യമില്ല. നഗരസഭാ ചെയർമാൻ ശിവദാസ് ആറ്റുപുറം, ശുചിത്വമിഷൻ സംസ്ഥാന ഡയറക്ടർ ജ്യോതിഷ് ചന്ദ്രൻ, നഗരസഭാ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻമാരായ ഷീന സുധേശൻ, രജീഷ് ഉപാല, നഗരസഭാ സെക്രട്ടറി കെ.എസ്.അരുൺ കുമാർ, മുനിസിപ്പൽ എൻജിനീയർ സുജിത്ത് ഗോപിനാഥ്, എച്ച്.ഐ പി.പി.മോഹനൻ എന്നിവരടങ്ങിയ സംഘമാണ് ഇന്നലെ പദ്ധതി പ്രദേശം സന്ദർശിച്ചത്.