‘കാളി രാജ്യത്തെ വിശ്വാസത്തിന്റെ കേന്ദ്രം’;വിവാദങ്ങളിൽ പ്രതികരിച്ച് പ്രധാന മന്ത്രി
ന്യൂഡല്ഹി: കാളി വിവാദത്തിൽ പ്രതികരണവുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. “കാളി രാജ്യത്തെ വിശ്വാസത്തിന്റെ കേന്ദ്രമാണ്, കാളിയുടെ അനുഗ്രഹം ബംഗാളിൽ മാത്രമല്ല, രാജ്യത്താകെയുണ്ട്. സ്വാമി വിവേകാനന്ദൻ കാളിയുടെ ആരാധകനായിരുന്നെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു. കാളി വിവാദം കത്തിപ്പടരുന്നതിനിടെയാണ് പ്രധാനമന്ത്രിയുടെ പ്രതികരണം.
കാളി വിവാദവുമായി ബന്ധപ്പെട്ട് തൃണമൂൽ എംപി മഹുവ മൊയ്ത്ര, ലീന മണിമേഖല എന്നിവർക്കെതിരെ എട്ട് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. മതവികാരം വ്രണപ്പെടുത്തിയെന്നാരോപിച്ച് മഹുവ മൊയ്ത്രയ്ക്കെതിരെ ബി.ജെ.പിയുടെ ഡൽഹി ഘടകവും കേസ് കൊടുത്തിട്ടുണ്ട്. ലീന ട്വിറ്ററിൽ പങ്കുവച്ച ചിത്രത്തിനെതിരെ യുപിയിൽ ബിജെപിയും പരാതി നൽകിയിട്ടുണ്ട്. ലീന മണിമേഖലയുടെ ‘കാളി’ എന്ന ഡോക്യുമെന്ററി പോസ്റ്ററും, ഇറച്ചി തിന്നുകയും മദ്യം സ്വീകരിക്കുകയും ചെയ്യുന്ന ദേവതയായി കാളിയെ കാണാമെന്ന മഹുവ മൊയ്ത്രയുടെ പരാമർശവും വിവാദമായിരുന്നു.
‘കാളി എ പെർഫോമൻസ് ഡോക്യുമെന്ററി’ എന്ന് പേരിട്ടിരിക്കുന്ന പോസ്റ്റർ ജൂലൈ 2 ന് കവയിത്രിയും സംവിധായികയുമായ ലീന മണിമേഖല പുറത്തിറക്കി. ഡോക്യുമെന്ററിയിൽ കാളി എന്ന കഥാപാത്രത്തെ ലീന തന്നെയാണ് അവതരിപ്പിച്ചത്. കാളി പുകവലിക്കുന്നതിന്റെയും കൈയിൽ എൽജിബിടി അനുകൂല പതാകയുമായി നിൽക്കുന്നതിന്റെയും ചിത്രമുള്ള പോസ്റ്റർ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചിരുന്നു. ഇതോടെ ഹിന്ദു ദൈവങ്ങളെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ആരോപിച്ച് വിവിധ ഹൈന്ദവ സംഘടനകളും നേതാക്കളും രംഗത്തെത്തി. ലഖ്നൗവിലെ ഹസാരത്ഗഞ്ച് പൊലീസാണ് ആദ്യം കേസ് രജിസ്റ്റർ ചെയ്തത്. ലീന മണിമേഖല ഒന്നാം പ്രതിയും അസോസിയേറ്റ് പ്രൊഡ്യൂസർ ആശ, എഡിറ്റർ ശ്രാവൺ എന്നിവർ രണ്ടും മൂന്നും പ്രതികളുമാണ്. ക്രിമിനൽ ഗൂഡാലോചന, മനപ്പൂർവ്വം മതവികാരം വ്രണപ്പെടുത്തൽ, വിദ്വേഷം പ്രചരിപ്പിക്കൽ എന്നീ കുറ്റങ്ങളാണ് യുപി പൊലീസ് പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.