ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം ; രാഷ്ട്രീയ പ്രതിസന്ധിയില്‍ നിലപാട് പ്രഖ്യാപിച്ച് ഇന്ത്യ

ഡൽഹി: ശ്രീലങ്കയിൽ പ്രതിഷേധം ശക്തമാകുന്നതിനിടെ നിലപാട് വ്യക്തമാക്കി ഇന്ത്യ. “ഞങ്ങൾ ശ്രീലങ്കയിലെ ജനങ്ങൾക്കൊപ്പം നിൽക്കുന്നു. ഇരുപക്ഷത്തെയും എതിർക്കാതെയാണ് ഇന്ത്യ പരാമർശം തയ്യാറാക്കിയിയത്. ജനാധിപത്യ മൂല്യങ്ങളിലൂടെ തങ്ങളുടെ അഭിവൃദ്ധിയും പുരോഗതിയും നേടിയെടുക്കാനാണ് ശ്രീലങ്കയിലെ ജനങ്ങൾ ശ്രമിക്കുന്നത്. ഇന്ത്യ അതിനൊപ്പം ഉണ്ടാകും,” ഔദ്യോഗിക കുറിപ്പിൽ പറയുന്നു. ശ്രീലങ്കയുമായുള്ള ബന്ധം ഇന്ത്യയുടെ വിദേശനയത്തിന്‍റെ ഒരു പ്രധാന ഭാഗമാണെന്ന് ഇന്ത്യ പറഞ്ഞു. ശ്രീലങ്കയാണ് ഏറ്റവും അടുത്ത അയൽരാജ്യം. ഇരു രാജ്യങ്ങളും തമ്മിൽ വലിയ ബന്ധമാണുള്ളതെന്നും ഇന്ത്യ വ്യക്തമാക്കി.

മാനുഷിക പിന്തുണയും സഹായവും ഉറപ്പാക്കും. ഭക്ഷ്യവസ്തുക്കൾ, മരുന്നുകൾ, ഇന്ധനം എന്നിവ എത്തിക്കാനും ഇന്ത്യ ശ്രമിക്കുന്നുണ്ട്. 3.8 ബില്യൺ ഡോളറിന്‍റെ സഹായമാണ് ഇന്ത്യ ഇതുവരെ നൽകിയത്. ശ്രീലങ്കയിലെ ജനങ്ങളുടെ ക്ഷേമത്തിനായി സർക്കാർ തുടർന്നും ഇടപെടുമെന്ന് വിദേശകാര്യമന്ത്രി എസ് ജയശങ്കർ പറഞ്ഞു. അതേസമയം, അഭയാർത്ഥികളുടെ ഒഴുക്കിന് സാധ്യതയുള്ളതിനാൽ തമിഴ്നാട്, കേരളം ഉൾപ്പെടെയുള്ള സംസ്ഥാനങ്ങൾക്ക് കേന്ദ്രം നിരീക്ഷണ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. കോസ്റ്റ് ഗാർഡ് സമർപ്പിച്ച റിപ്പോർട്ട് പ്രകാരം നിലവിൽ പ്രതിസന്ധികളൊന്നുമില്ല.

കോൺഗ്രസും ശ്രീലങ്കയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പിന്തുണയും നൽകണമെന്ന് കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അന്താരാഷ്ട്ര സമൂഹത്തോട് അഭ്യർത്ഥിച്ചു. കേന്ദ്രസർക്കാർ സഹായം നൽകുന്നത് തുടരുമെന്നാണ് പ്രതീക്ഷയെന്നും ശ്രീലങ്ക പ്രതിസന്ധി മറികടക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സോണിയ ഗാന്ധി പറഞ്ഞു. അതേസമയം, ശ്രീലങ്കയിലെ പ്രതിഷേധം ഇനിയും അവസാനിച്ചിട്ടില്ല. രണ്ട് ദിവസം കഴിഞ്ഞിട്ടും പ്രതിഷേധക്കാർ പിരിഞ്ഞുപോകാൻ തയ്യാറായില്ല. പ്രസിഡന്‍റും പ്രധാനമന്ത്രിയും രാജി പ്രഖ്യാപിച്ച സാഹചര്യത്തിൽ സമാധാനപരമായി പിരിഞ്ഞുപോകാൻ സൈനിക മേധാവി പ്രതിഷേധക്കാരോട് അഭ്യർത്ഥിച്ചു.