കുവൈത്ത് പ്രധാനമന്ത്രി പ്രഖ്യാപനം ജൂലൈ 19ന്
കുവൈറ്റ് : കുവൈറ്റിൽ പുതിയ പ്രധാനമന്ത്രിയെ ജൂലൈ 19 ചൊവ്വാഴ്ച പ്രഖ്യാപിക്കുമെന്ന് റിപ്പോർട്ട്. തുടർന്ന് ഏതാനും ദിവസങ്ങൾക്കുള്ളിൽ മന്ത്രിസഭാംഗങ്ങളെയും തിരഞ്ഞെടുക്കും. ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കുമെന്നാണ് റിപ്പോർട്ടുകൾ. ശേഷം ബജറ്റ് അംഗീകരിക്കാൻ മന്ത്രിമാർ പാർലമെന്റിൽ ഹാജരാകും. ഈ സെഷനിൽ മറ്റ് നിയമ നിർദ്ദേശങ്ങളെക്കുറിച്ചുള്ള ചർച്ചകൾ ഉണ്ടാകില്ല.
കുറ്റവിചാരണക്ക് നോട്ടീസ് നൽകിയതിനെ തുടർന്ന് പ്രധാനമന്ത്രി ശൈഖ് സബാഹ് ഖാലിദ് അൽ ഹമദ് അസ്സബാഹ് കഴിഞ്ഞ ഏപ്രിലിൽ രാജിവച്ചിരുന്നു. മൂന്ന് മാസമായി അദ്ദേഹത്തിന്റെ നേതൃത്വത്തിലുള്ള ഒരു കാവൽ മന്ത്രിസഭയാണ് രാജ്യത്തെ നിയന്ത്രിക്കുന്നത്. പുതിയ പാർലമെന്റ് സെപ്റ്റംബറിലോ ഒക്ടോബറിലോ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ഇടയുള്ളതിനാൽ പുതിയ മന്ത്രിസഭക്ക് ആയുസ്സ് കുറവായിരിക്കും.