സച്ചിന്റെയും ആര്യയുടെയും വിവാഹത്തീയതി തീരുമാനിച്ചു
തിരുവനന്തപുരം: ബാലുശ്ശേരി എംഎൽഎ സച്ചിൻ ദേവും തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രനും സെപ്റ്റംബർ നാലിന് വിവാഹിതരാകും. തിരുവനന്തപുരം എകെജി ഹാളിലാണ് വിവാഹച്ചടങ്ങുകൾ നടക്കുക എന്നാണ് റിപ്പോർട്ടുകൾ. വിവാഹം കഴിഞ്ഞ് രണ്ട് ദിവസം കഴിഞ്ഞ് കോഴിക്കോട്ട് റിസപ്ഷൻ നടക്കും. ഈ വർഷം മാർച്ച് ആറിനാണ് ഇരുവരുടെയും വിവാഹ നിശ്ചയം നടന്നത്. നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ എംഎൽഎയാണ് സച്ചിൻ. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മേയറാണ് ആര്യ.
ബാലസംഘത്തിൽ ഒരുമിച്ച് പ്രവർത്തിച്ച കാലം മുതലുള്ള സംഘടനാപരമായ പരിചയമാണ് വിവാഹത്തിലേക്ക് വരുന്നത്. കോഴിക്കോട് നെല്ലിക്കോട് സ്വദേശിയായ സച്ചിൻ ദേവ് എസ്എഫ്ഐയുടെ അഖിലേന്ത്യാ ജോയിന്റ് സെക്രട്ടറിയാണ്. എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് വിജയിച്ചു. സി.പി.എം കോഴിക്കോട് ജില്ലാ കമ്മിറ്റി അംഗമാണ്. കോഴിക്കോട് ഗവ. ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ ചെയർമാനായിരുന്നു. അദ്ദേഹം നിയമ ബിരുദധാരിയാണ്.
പതിനഞ്ചാം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായ സച്ചിൻ ദേവ് (28) ബാലുശ്ശേരി മണ്ഡലത്തിൽ നിന്ന് 20,372 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് തിരഞ്ഞെടുക്കപ്പെട്ടത്. തിരുവനന്തപുരം ഓൾ സെയിന്റ്സ് കോളേജിലെ വിദ്യാർത്ഥിനിയായിരിക്കെയാണ് 21-ാം വയസ്സിൽ ആര്യ മേയറായത്. എസ്എഫ്ഐ സംസ്ഥാന കമ്മിറ്റി അംഗവും സിപിഎം ചാല ഏരിയ കമ്മിറ്റി അംഗവുമാണ്.