ചാവശ്ശേരി സ്ഫോടനത്തില്‍ മുഖ്യമന്ത്രിയുടെ മറുപടി
തിരുവനന്തപുരം : ചാവശ്ശേരി കാശിമുക്കിനു സമീപമുള്ള വീട്ടിൽ സ്ഫോടനമുണ്ടായതിനെ തുടർന്ന് അസം സ്വദേശികൾ മരിച്ച സംഭവത്തിൽ നിയമസഭയിൽ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തരപ്രമേയത്തിന് മറുപടിയുമായി മുഖ്യമന്ത്രി പിണറായി വിജയൻ. വിഷയ ദാരിദ്ര്യമാണ് ഈ പ്രമേയ നോട്ടീസിന് കാരണം. നിർഭാഗ്യകരമായ ഒരു സംഭവമുണ്ടായി, അതിനെക്കുറിച്ച് കൃത്യമായ അന്വേഷണം ഉണ്ടാകും. അതിന്റെ മറവിൽ തന്റെ രാഷ്ട്രീയ നിലപാട് ഈ സഭയിൽ ഉന്നയിക്കാനാണ് പ്രമേയാവതാരകന് ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞു. ഇവിടെ പ്രമേയാവതാരകന് സിപിഐഎമ്മിനെ വലിച്ചിഴച്ചത് തികഞ്ഞ രാഷ്ട്രീയ ദുഷ്ടലക്ഷ്യത്തോടെയാണ്. യു.ഡി.എഫും എസ്.ഡി.പി.ഐ, പോപ്പുലർ ഫ്രണ്ട്, ആർ.എസ്.എസ് തുടങ്ങിയ സംഘടനകളും തമ്മിൽ വോട്ടു കൈമാറ്റത്തെക്കുറിച്ചും രാഷ്ട്രീയ ധാരണകളെക്കുറിച്ചും നിരവധി വെളിപ്പെടുത്തലുകൾ നടന്ന കാലമാണിത്. ഇത് മറച്ചുവെക്കാനും മുൻകാലങ്ങളിൽ തങ്ങൾക്ക് വോട്ട് ചെയ്ത ഇത്തരക്കാരെ സംരക്ഷിക്കാനുള്ള വ്യഗ്രതയാണ് ഇവിടെ പ്രമേയാവതാരകനില്‍ കണ്ടതെന്ന് മുഖ്യമന്ത്രി കുറ്റപ്പെടുത്തി. സണ്ണി ജോസഫ് അവതരിപ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.