“ഇ.എം.എസിനെ തോല്‍പ്പിക്കാന്‍ കോൺഗ്രസ് ജനസംഘവുമായി കൂട്ടുകൂടി”; പി.ജയരാജന്‍
തിരുവനന്തപുരം: 1977ൽ ആർ.എസ്.എസിന്‍റെ പിന്തുണയോടെ ജയിച്ചാണ് പിണറായി വിജയൻ നിയമസഭയിലെത്തിയതെന്ന പ്രതിപക്ഷ ആരോപണത്തിന് മറുപടിയുമായി സി.പി.ഐ.എം നേതാവ് പി. ജയരാജൻ. 1977ലെ തിരഞ്ഞെടുപ്പിൽ ജനസംഘം എന്ന രാഷ്ട്രീയ പാർട്ടി നിലവിലില്ലായിരുന്നുവെന്നും അതിനാൽ സിപിഐ(എം) ജനസംഘവുമായി സഖ്യമുണ്ടാക്കിയെന്ന വാദത്തിന് അർത്ഥമില്ലെന്നും ജയരാജൻ പറഞ്ഞു.
കോണ്‍ഗ്രസുകാര്‍ ഇപ്പോൾ പ്രചരിപ്പിക്കുന്ന നുണപ്രചാരണമാണിത്. അതേസമയം, ജനസംഘം നിലവിലുണ്ടായിരുന്നപ്പോൾ അവരുമായി സഖ്യമുണ്ടാക്കിയത് കോൺഗ്രസായിരുന്നു. 1957-ലെ ആദ്യ കേരള തിരഞ്ഞെടുപ്പിൽ ഇ.എം.എസിന്‍റെ നേതൃത്വത്തിലുള്ള സർക്കാർ അധികാരത്തിൽ വന്നു. ആ സർക്കാരിനെ ജനാധിപത്യ വിരുദ്ധമായി തകര്‍ത്തത് കോൺഗ്രസാണ്.
1960 ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ പട്ടാമ്പി നിയമസഭാ മണ്ഡലത്തിൽ നിന്ന് മത്സരിച്ച ഇ.എം.എസിനെ പരാജയപ്പെടുത്താൻ ജനസംഘവുമായി സഖ്യമുണ്ടാക്കിയത് കോൺഗ്രസായിരുന്നു. എന്നാൽ ഇഎംഎസ് ഈ കൂട്ടുകെട്ടിനെ പരാജയപ്പെടുത്തി. തിരഞ്ഞെടുപ്പിൽ ജയിച്ചു. ഈ ചരിത്ര യാഥാർത്ഥ്യം വെളിപ്പെടുത്തുന്ന ഒരു പത്രവാർത്തയും ഇതോടൊപ്പമുണ്ട്. 1960 ജനുവരി 8ന് മാതൃഭൂമി സമർപ്പിച്ച റിപ്പോർട്ടാണിത്. ഈ മണ്ഡലത്തിലെ ജനസംഘം സ്ഥാനാർത്ഥി പി.മാധവമേനോൻ കോൺഗ്രസിനായി സ്ഥാനാർത്ഥിത്വം പിന്‍വലിച്ചു. കമ്യൂണിസ്റ്റ് സ്ഥാനാർത്ഥിക്കെതിരെ ഒരു സ്ഥാനാർത്ഥി മതിയെന്ന് അന്ന് ജനസംഘത്തിന്‍റെ നേതാക്കൾ വ്യക്തമാക്കിയിരുന്നു. പ്രസ്താവനയുടെ പൂർണ്ണരൂപം പത്രം പ്രസിദ്ധീകരിച്ചിട്ടുണ്ടെന്നും ജയരാജൻ പറഞ്ഞു.