രാഷ്ട്രപതി സ്ഥാനാർഥി ദ്രൗപദി മുർമുവിന്റെ സ്വീകരണച്ചടങ്ങിൽ കൊമ്പുകോർത്ത് ബിജെപി നേതാക്കൾ
ജയ്പുർ: രാജസ്ഥാനിൽ രാഷ്ട്രപതി സ്ഥാനാർത്ഥി ദ്രൗപദി മുർമുവിനെ സ്വാഗതം ചെയ്യുന്ന പരിപാടിക്കിടെ കൊമ്പുകോർത്ത് ബിജെപി നേതാക്കൾ. രാജസ്ഥാനിലെ ബിജെപി എംപി കിരോരി ലാൽ മീണയും പ്രതിപക്ഷ ഉപനേതാവ് രാജേന്ദ്ര സിംഗ് റാത്തോഡും തമ്മിൽ വാക്കേറ്റമുണ്ടായി. കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത് ഇടപെട്ടതോടെയാണ് സംയമനം പാലിക്കാൻ ഇരുവരും സമ്മതിച്ചത്.
തനിക്കൊപ്പമുണ്ടായിരുന്ന പ്രവർത്തകരെ പരിപാടിയുടെ വേദിയിലേക്ക് പ്രവേശിക്കാൻ അനുവദിക്കുന്നില്ലെന്ന് കിരോരി ലാൽ പറഞ്ഞു. എം.പി ഇടപെട്ടിട്ടും പ്രവർത്തകരെ പ്രവേശിപ്പിക്കാൻ റാത്തോഡ് അനുമതി നൽകിയില്ല. ഇതോടെ പാർട്ടിയോട് പ്രതിബദ്ധതയുള്ള ഒരു പ്രവർത്തകൻ പോലും പരിപാടിയിൽ പങ്കെടുക്കുന്നില്ലെന്നും തനിക്കൊപ്പമുണ്ടായിരുന്നവരെല്ലാം വെറും സ്തുതിഗീതങ്ങൾ മാത്രമാണെന്നും കിരോരി ലാൽ ആരോപിച്ചു.
രാഷ്ട്രപതി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് രാജസ്ഥാനിലെ തിരഞ്ഞെടുപ്പ് ഏജന്റായി രാജേന്ദ്ര റാത്തോഡിനെ നിയമിച്ചു. ഇവിടെ സന്ദർശനം നടത്തുമ്പോൾ ദ്രൗപദി മുർമുവിന്റെ എല്ലാ യാത്രാ ക്രമീകരണങ്ങളുടെയും മേൽനോട്ടം വഹിക്കുന്നത് റാത്തോഡാണ്. ഹോട്ടൽ ക്ലാർക്ക്സ് അമറിൽ നടന്ന പരിപാടിയിലേക്ക് ബിജെപി എംപിമാർ, എംഎൽഎമാർ, ഗോത്ര നേതാക്കൾ എന്നിവരെ ക്ഷണിച്ചിരുന്നു.