ഖത്തർ ലോകകപ്പ്; തയ്യാറെപ്പുകളുമായി വിമാനക്കമ്പനികൾ
ദുബായ്: ഖത്തർ ലോകകപ്പിനെ വരവേൽക്കാൻ ഗൾഫ് രാജ്യങ്ങൾ ഒരുങ്ങുന്നു. ലോകകപ്പ് ഖത്തറിലാണെങ്കിലും യുഎഇ ഉൾപ്പെടെയുള്ള ഗൾഫ് രാജ്യങ്ങൾ വലിയ വ്യാപാരമാണ് പ്രതീക്ഷിക്കുന്നത്. രാജ്യങ്ങൾ എല്ലാം വ്യോമയാന മേഖലയിൽ വലിയ ബിസിനസ്സ് പ്രതീക്ഷിക്കുന്നു.
എല്ലാ ഗൾഫ് രാജ്യങ്ങളും ഖത്തറിലേക്ക് അധിക വിമാന സർവീസുകൾ പ്രഖ്യാപിച്ചിട്ടുണ്ട്. നവംബർ 21 മുതൽ ഡിസംബർ 18 വരെ കൂടുതൽ വിമാനങ്ങൾ ദോഹയിലേക്ക് പ്രതിദിനം സർവീസ് നടത്തും. രാവിലെ കളി കാണാൻ കൊണ്ടു പോയി വൈകുന്നേരം തിരിച്ചെത്തിക്കുന്ന നിലയിലുള്ള ഷട്ടിൽ സർവീസുകളാണ് വിമാന കമ്പനികൾ ആസൂത്രണം ചെയ്യുന്നത്. യുഎഇക്ക് ലോകകപ്പിൽ നിന്ന് ഏറ്റവും കൂടുതൽ പ്രയോജനം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ഫ്ലൈ ദുബായ്, എയർ അറേബ്യ എന്നിവ ദുബായിൽ നിന്ന് ദോഹയിലേക്ക് ലോകകപ്പ് പ്രത്യേക സർവീസുകൾ നടത്തും. ഫ്ലൈ ദുബായ് പ്രതിദിനം 30 അധിക സർവീസുകളും എയർ അറേബ്യ പ്രതിദിനം 14 സർവീസുകളും നടത്തും. നിലവിൽ ദോഹ-ദുബായ് റൂട്ടിൽ മൂന്ന് സർവീസുകൾ വീതമാണ് ഇരു കമ്പനികളും നടത്തുന്നത്. ഇത് യഥാക്രമം 33, 17 സർവീസുകളായി ഉയരും. ഈ കമ്പനികൾ മാത്രം ലോകകപ്പിൽ ഒരു ദിവസം 50 സർവീസുകൾ നടത്തും.