ഖത്തറിൽ ഹൃദയാഘാത മരണനിരക്ക് കുത്തനെ കുറഞ്ഞു

ദോഹ: ഖത്തറിൽ കഴിഞ്ഞ വർഷം ഹൃദയാഘാതം മൂലമുള്ള മരണനിരക്കിൽ ഗണ്യമായ കുറവുണ്ടായി. കഴിഞ്ഞ വർഷം ഏറ്റവും ഗുരുതരമായ ഹൃദയാഘാതങ്ങളിലൊന്നായ മയോകാർഡിയൽ ഇൻഫാർക്ഷൻ മൂലമുള്ള മരണനിരക്കിൽ രണ്ട് ശതമാനം കുറവുണ്ടായതായി ഹമദ് മെഡിക്കൽ കോർപ്പറേഷൻ (എച്ച്എംസി) ഹാർട്ട് ഹോസ്പിറ്റലിലെ മെഡിക്കൽ ഡയറക്ടർ ഡോ. നിദാൽ ആസാദ് വെളിപ്പെടുത്തി.

എച്ച്എംസിയുടെ കാർഡിയാക് കത്തീറ്ററൈസേഷൻ വിഭാഗത്തിന്‍റെ 40-ാം വാർഷികത്തോടനുബന്ധിച്ച് നടന്ന ആദ്യ കാർഡിയാക് കത്തീറ്ററൈസേഷൻ ദിനാഘോഷത്തിലാണ് കണക്കുകൾ പുറത്തുവന്നത്. കഴിഞ്ഞ 5 വർഷത്തിനിടെ ഹൃദയാശുപത്രിയിൽ നടത്തിയ കാർഡിയാക് കത്തീറ്ററൈസേഷൻ നടപടിക്രമങ്ങളുടെ എണ്ണത്തിൽ 50 ശതമാനത്തിലധികം വർദ്ധനവുണ്ടായി. വിദഗ്ധ മെഡിക്കൽ ടീമിന്‍റെ മികവും ആശുപത്രിയിലെ ഉപകരണങ്ങളുടെയും സാങ്കേതികവിദ്യകളുടെയും വികസനവും മെച്ചപ്പെടുത്തലുമാണ് ഹൃദയാഘാതം മൂലമുള്ള മരണനിരക്ക് 2 ശതമാനം വരെ കുറയ്ക്കാൻ സഹായിച്ചതെന്ന് നിദാൽ ചൂണ്ടിക്കാട്ടി.

ഹൃദയ പേശികൾക്ക് രക്തം നൽകുന്ന പ്രധാന ധമനികളിലൊന്നിലെ പ്രവർത്തന തടസ്സം മൂലമാണ് മയോകാർഡിയൽ ഇൻഫാർക്ഷൻ സംഭവിക്കുന്നത്. അടഞ്ഞ രക്തക്കുഴലുകൾ തുറക്കുന്നതിന് കാർഡിയാക് കത്തീറ്ററൈസേഷൻ നടപടിക്രമങ്ങൾ നിർവഹിക്കപ്പെടും. ഈ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷം, രോഗി സാധാരണയായി 3 മുതൽ 5 ദിവസത്തെ ആശുപത്രി ചികിത്സയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാറുണ്ടെന്ന് കാർഡിയാക് കത്തീറ്ററൈസേഷൻ ലബോറട്ടറി ഡയറക്ടർ ഡോ. അബ്ദുൾറഹ്മാൻ അറാബിയും വിശദീകരിച്ചു.