പ്രകോപനം സൃഷ്ടിച്ച് ചൈന; തായ്‌വാന്റെ അതിർത്തി ലംഘിച്ച് യുദ്ധവിമാനം അയച്ചെന്ന് റിപ്പോർട്ട്
തായ്പെയ്: യുഎസ് ജനപ്രതിനിധി സഭ സ്പീക്കർ നാൻസി പെലോസി തയ്‌വാൻ സന്ദർശനം കഴിഞ്ഞ് മടങ്ങിയ ദിവസം കടുത്ത പ്രകോപനം സൃഷ്ടിച്ച് ചൈനയുടെ വ്യോമസേനാ വിമാനങ്ങൾ. പെലോസി മടങ്ങിയ ബുധനാഴ്ച മാത്രം 27 ചൈനീസ് സൈനിക വിമാനങ്ങൾ തയ്‌വാന്‍റെ വ്യോമാതിർത്തി ആക്രമിച്ചതായി തയ്‌വാൻ പ്രതിരോധ മന്ത്രാലയം ട്വീറ്റ് ചെയ്തു. നാൻസി പെലോസിയുടെ തയ്‌വാൻ സന്ദർശനത്തിന് തൊട്ടുപിന്നാലെ ചൈന തയ്‌വാനിൽ ആറ് ദിവസത്തെ സൈനികാഭ്യാസം ആരംഭിച്ചിരുന്നു.
അതേസമയം, ചൈനയുടെ പ്രകോപനങ്ങൾക്ക് മറുപടിയായി തയ്‌വാൻ സ്വന്തം യുദ്ധവിമാനങ്ങൾ പറത്തുകയും പ്രതിരോധ മിസൈലുകൾ ഉൾപ്പെടെയുള്ള സംവിധാനങ്ങൾ ഒരുക്കിയതായും റിപ്പോർട്ടുകളുണ്ട്.
തയ്‌വാൻ ചൈനയുടെ ഭാഗമാണെന്നാണ് ചൈനയുടെ വാദം. ഈ സാഹചര്യത്തിലാണ് യുഎസ് പ്രതിനിധിയുടെ സന്ദർശനത്തെ അവർ ശക്തമായി എതിർത്തത്. പെലോസിയുടെ സന്ദർശനത്തിന് കനത്ത വില നൽകേണ്ടിവരുമെന്ന് ചൈന ആവർത്തിച്ച് പറയുന്നു. ചൈനയുടെ ആഭ്യന്തര കാര്യങ്ങളിൽ ഇടപെടരുതെന്ന് അമേരിക്കയോട് അഭ്യർത്ഥിച്ചു. പെലോസിയുടെ സന്ദർശനം മുൻകൂട്ടിയുള്ള പ്രഖ്യാപനങ്ങളൊന്നുമില്ലാതെയായിരുന്നു.