സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട്‌ തുടരുന്നു

സംസ്ഥാനത്തെ ആറ് ഡാമുകളിൽ റെഡ് അലേർട്ട് തുടരുകയാണ്. ഇടുക്കി ഡാമിലെ ജലനിരപ്പ് 2377 അടിയിലെത്തി. തൃശ്ശൂർ പെരിങ്ങൽക്കുത്ത് ഡാമിന്‍റെ മൂന്നാമത്തെ സ്ലൂയിസ് ഗേറ്റ് തുറന്നു. ചിമ്മിനി ഡാം ഷട്ടറുകൾ കൂടുതൽ ഉയർത്തും. നദികളും തോടുകളും കനത്ത മഴയിൽ നിറഞ്ഞതോടെ തീരത്തുള്ളവർ ആശങ്കയിലാണ്.

ഇടുക്കിയിലെ പൊന്മുടി,ലോവർ പെരിയാർ, കല്ലാർകുട്ടി, ഇരട്ടയാർ, കണ്ടള ഡാമുകളിലും പത്തനംതിട്ടയിലെ മൂഴിയാർ ഡാമിലും റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇടുക്കി ഡാമിലെ ജലനിരപ്പ് ആദ്യ മുന്നറിയിപ്പായ ബ്ലൂ അലേർട്ട് പരിധിക്ക് മുകളിലാണ്. മുല്ലപ്പെരിയാറിലെ ജലനിരപ്പ് നിലവിലെ റൂൾ കർവ് പരിധിയായ 137.5 അടിയിലേക്ക് ഉയരുകയാണ്.

ഡാമിന്‍റെ വൃഷ്ടിപ്രദേശങ്ങളിൽ കനത്ത മഴ പെയ്തതോടെ നീരൊഴുക്കും വർധിച്ചിട്ടുണ്ട്. 1800 ഘനയടി വെള്ളമാണ് തമിഴ്നാട് കൊണ്ടുപോകുന്നത്. ഇടുക്കിയിൽ മലങ്കര ഉൾപ്പെടെ അഞ്ച് ചെറിയ ഡാമുകളുടെ ഷട്ടറുകൾ ഉയർത്തി.