മോദി സർക്കാരിന്റെ നിഷേധാത്മക നയത്തിനെതിരെ കോണ്‍ഗ്രസ്സിന്റെ പാർലമെന്ററി പാർട്ടി യോഗം
ന്യൂദല്‍ഹി: മോദി സർക്കാരിന്റെ നിഷേധാത്മക നയത്തിനെതിരെ പാർലമെന്റിൽ സ്വീകരിക്കേണ്ട നിലപാട് ചർച്ച ചെയ്യാൻ ലോക്സഭ, രാജ്യസഭാ എം.പിമാരുടെ പാർലമെന്ററി പാർട്ടി യോഗം കോൺഗ്രസ്സ് വ്യാഴാഴ്ച ചേർന്നു. വ്യാഴാഴ്ച രാവിലെ 9.45ന് എല്ലാ രാജ്യസഭാ, ലോക്സഭാ എംപിമാരുടെയും യോഗം കോൺഗ്രസ്സ് പാർലമെന്ററി പാർട്ടി ഓഫീസിൽ വിളിച്ചു ചേർത്തു. കഴിഞ്ഞ ദിവസം നാഷണൽ ഹെറാൾഡിന്റെ ഓഫീസ് സീൽ ചെയ്ത എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ തീരുമാനത്തെ തുടർന്ന് എംപിമാരുടെ നേതൃത്വത്തിൽ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് കോൺഗ്രസ്. നാഷണൽ ഹെറാൾഡിന്റെ ഓഫീസിൽ ഇ.ഡി റെയ്ഡ് നടത്തിയതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം ഓഫീസ് സീൽ ചെയ്തത്. അഴിമതിക്കേസിൽ കോൺഗ്രസ്സ് നേതാക്കളായ സോണിയാ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ഇഡി ഓഫീസിൽ റെയ്ഡ് നടത്തിയത്. ഇതുൾപ്പെടെയുള്ള വിഷയങ്ങൾ എംപിമാരുടെ യോഗത്തിൽ ചർച്ചയായതായാണ് റിപ്പോർട്ട്.എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.