9 നദികളിൽ ജലനിരപ്പ് ഉയരുന്നു; ജാഗ്രതാ നിർദ്ദേശം നൽകി ജല കമ്മീഷൻ

തിരുവനന്തപുരം: മീനച്ചിലാർ, മണിമലയാർ, പമ്പയാർ, അച്ചൻകോവിലാർ ഉൾപ്പെടെ ഒമ്പത് നദികളിലെ ജലനിരപ്പ് ഉയരുന്നുണ്ടെന്നും ജനങ്ങൾ ജാഗ്രത പാലിക്കണമെന്നും കേന്ദ്ര ജലകമ്മീഷൻ അറിയിച്ചു. ചാലക്കുടി പുഴയിൽ വെള്ളപ്പൊക്കത്തിന് സമാനമായ സാഹചര്യം ഉണ്ടാകാം. സംസ്ഥാനത്തെ 12 പ്രധാന അണക്കെട്ടുകളിലെ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണ്.

ഈ നാല് നദികൾ ഉൾപ്പെടെ എല്ലാ നദികളിലും ജലനിരപ്പ് ക്രമാതീതമായി ഉയരുകയാണ്. സംസ്ഥാനത്തെ എല്ലാ ഡാമുകളിലും ജലനിരപ്പ് ഉയരുകയാണ്. ഇടുക്കി, ഇടമലയാർ ഡാമുകളിലെ ജലനിരപ്പ് 70 ശതമാനത്തിന് മുകളിലാണെന്ന് കേന്ദ്ര ജല കമ്മീഷൻ അറിയിച്ചു.

മഴ മുന്നറിയിപ്പുകൾ നിലനിൽക്കുന്ന സാഹചര്യത്തിലും കഴിഞ്ഞ ദിവസങ്ങളിൽ അതിതീവ്ര മഴ ലഭിച്ചതിനാലും എല്ലാ ജില്ലകളിലും അതീവ ജാഗ്രത പുലർത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. വരും ദിവസങ്ങളിലും മഴ തുടരും. മുന്നറിയിപ്പുകളെ പ്രാധാന്യത്തോടെ കാണണം. ബംഗാൾ ഉൾക്കടലിൽ ന്യൂനമർദ്ദം രൂപപ്പെടാൻ സാധ്യതയുള്ളതിനാൽ അടുത്ത ആഴ്ചയോടെ മഴ കൂടുതൽ ശക്തിപ്പെടാൻ സാധ്യതയുണ്ട്. അത് കണക്കിലെടുത്താണ് സംസ്ഥാനത്തെ സർക്കാർ സംവിധാനങ്ങൾ ക്രമീകരണങ്ങൾ നടത്തുന്നത്.