75 വർഷത്തിന് ശേഷം ചീറിക്കുതിക്കാൻ വേഗരാജാവെത്തുന്നു
സ്വാതന്ത്ര്യത്തിന്റെ അമൃതം നുകർന്ന അതേ വർഷം തന്നെ രാജ്യത്ത് വേരറ്റ് പോയ ഒരു വിഭാഗം ഈ സ്വാതന്ത്ര്യദിനത്തിൽ ഇന്ത്യയിലേക്ക് മടങ്ങിയെത്തുന്നു. 75 വർഷത്തെ ഇടവേളയ്ക്ക് ശേഷം ഇന്ത്യയിലേക്ക് വരുന്ന അതിഥിയെ വരവേൽക്കാനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുകയാണ്. ഇവയുടെ പരിപാലനത്തിനായി ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ 50 കോടി രൂപ കൈമാറും. 1970 കളിൽ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതിനെ തുടർന്ന് മുടങ്ങിയ തിരിച്ചുവരവ് അരനൂറ്റാണ്ടിന് ശേഷം നടക്കുന്നതിനാൽ ഇന്ത്യ മാത്രമല്ല, മറ്റ് രാജ്യങ്ങളും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. മടങ്ങിവരുന്ന അതിഥി മറ്റാരുമല്ല. കരയിലെ വേഗരാജാവ് എന്നറിയപ്പെടുന്ന ‘ചീറ്റ’.
ഒരുകാലത്ത് ചീറ്റകളാൽ സമൃദ്ധമായിരുന്നു ഇന്ത്യ. മുഗൾ ഭരണകാലത്ത് ഇന്ത്യയിൽ പതിനായിരത്തിലധികം ചീറ്റകളുണ്ടായിരുന്നു. അക്ബർ ചക്രവർത്തി ആയിരത്തോളം ചീറ്റപ്പുലികളെ വളർത്തിയിരുന്നു. ഇവയെ വേട്ടയ്ക്ക് ആണ് ഉപയോഗിച്ചിരുന്നത്. ജഹാംഗീറിന്റെ കാലത്ത് കൊട്ടാരത്തിൽ പരിപാലിച്ചിരുന്ന ചീറ്റ വനത്തിനു പുറത്ത് കുഞ്ഞിന് ജന്മം നൽകിയ സംഭവം രേഖപ്പെടുത്തിയിട്ടുണ്ട്.
സ്വാതി തിരുനാളിന്റെ കാലത്ത് 1813–1846 കാലഘട്ടത്തിൽ തിരുവനന്തപുരത്തെ കുതിര ലായത്തിനോട് ചേർന്നുള്ള മൃഗശാലയിൽ തിരുവിതാംകൂർ കാടുകളിൽ നിന്നു പിടിച്ച ചീറ്റ, കടുവ, പുലി തുടങ്ങിയവയെ പ്രദർശിപ്പിച്ചിരുന്നതായി ദി ഹിസ്റ്ററി ഓഫ് ട്രാവൻകൂർ ഫ്രം ഏർലിയസ്റ്റ് ടൈംസ് എന്ന ഗ്രന്ഥത്തിൽ പി.ശങ്കുണ്ണിമേനോൻ എഴുതിയിട്ടുണ്ട്. 1947ൽ ഇന്ത്യയിൽ അവശേഷിച്ച 3 ചീറ്റപ്പുലികളെ വെടിവച്ചു കൊല്ലുകയായിരുന്നു. 1952ൽ ഇന്ത്യയിൽ ഇവയുടെ വംശനാശം സംഭവിച്ചതായി സർക്കാർ പ്രഖ്യാപിച്ചു.